വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം

വയനാട് മീനങ്ങാടി പഞ്ചായത്തിലെ ആവയലും കൊളഗപ്പാറയിലും കടുവയുടെ ആക്രമണം

കല്‍പ്പറ്റ: വയനാട് മീനങ്ങാടി പഞ്ചായത്തിലെ ആവയലും കൊളഗപ്പാറയിലും കടുവയുടെ ആക്രമണം. ആവയല്‍ പുത്തന്‍പുരയില്‍ സുരേന്ദ്രന്റെ വീട്ടിലെ മൂന്ന് ആടുകളും, ചൂരിമലക്കുന്ന് മേഴ്സി വര്‍ഗീസിന്റെ നാല് ആടുകളെയുമാണ് കടുവ കൊന്നത്.

ഇന്ന് പുലര്‍ച്ചയാണ് കടുവയുടെ ആക്രമണം ഉണ്ടായത്. ആക്രമിച്ചത് കടുവ തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയില്‍ വനംവകുപ്പ് തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താന്‍ സാധിച്ചില്ല.

ഈ മേഖലയില്‍ 12 വയസ്സ് പ്രായമുള്ള കടുവയാണ് ഇറങ്ങുന്നതെന്നാണ് വംവകുപ്പിന്റെ നിഗമനം. അഞ്ച് കൂടുകളും 25 ല്‍ കൂടുതല്‍ നിരീക്ഷണ ക്യാമറകളും ഒരുക്കിയിട്ടുണ്ട്. പാറ ഇടുക്കുകളും കാപ്പി തോട്ടങ്ങളുമടക്കമുള്ള മേഖലയായതിനാല്‍ കടുവയെ മയക്കുവെടി വച്ച് പിടിക്കാന്‍ സാധിക്കില്ല.

ചീരാലില്‍ തൊട്ട്മുമ്പാണ് കടുവയെ പിടികൂടാനായത്. സമാനമായ രീതിയില്‍ കൃഷ്ണഗിരിയിലും തൊട്ടടുത്ത മേഖലകളിലും ഇറങ്ങുന്ന കടുവകളെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. ഇതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

 

Exit mobile version