തിരുവനന്തപുരം: ആറാമത് അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന വേദിയിൽ ദിവ്യ എസ് അയ്യര്‍ മകൻ മൽഹാറിനെയും കൈയിലെടുത്ത് എത്തിയത് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. ദേശീയമാധ്യമങ്ങൾ വരെ ഈ വിഷയം ഏറ്റെടുത്തു. കളക്ടര്‍ പരിപാടിയെ തമശയായി കണ്ടെന്നും കുഞ്ഞിനെയും കൊണ്ട് പൊതുയോഗത്തിനെത്തിയത് അനുകരണീയമല്ലെന്നുമുള്ള വിമര്‍ശനങ്ങളാണ് സൈബർ ഇടങ്ങളിൽ നിറയുന്നത്.
ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ അടക്കമുള്ളവർ ദിവ്യയ്ക്കെതിരെ വിമര്‍ശന കൂരമ്പുകളുമായെത്തി. ഇത് അനുകരണീയമല്ല, കളക്ടര്‍ തീരെ ഔചിത്യമില്ലാതെ ഒരു തമാശക്കളിയായാണ് ഈ പരിപാടിയെ കണ്ടത്. ഇതവരുടെ വീട്ടുപരിപാടിയല്ല. ഓവറാക്കി ചളമാക്കി എന്നായിരുന്നു രാജീവ് ആലുങ്കലിന്റെ ഫേസ്ബുക്ക് കമന്റ്.
കുഞ്ഞുമായി വേദിയില്‍ നില്‍ക്കുന്ന കളക്ടറുടെ വിഡിയോ പോസ്റ്റ് ചെയ്തത് പരിപാടിയുടെ സംഘാടകനും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാറാണ്. പോസ്റ്റിന് താഴെ നെഗറ്റീവ് കമന്റുകൾ നിറഞ്ഞപ്പോൾ വീഡിയോ ഡിലിറ്റ് ചെയ്യേണ്ടി വന്നു. ദിവ്യ എസ് അയ്യറിന്റെ ഭര്‍ത്താവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ കെ.എസ് ശബരീനാഥന്‍ വിമർശകർക്കെതിരെ ചുട്ട മറുപടിയുമായി രംഗത്തെത്തി.
ആകെയുള്ള ഞായറാഴ്ച അവധി ദിനത്തില്‍ ഔദ്യോഗിക സ്വഭാവമില്ലാത്ത പരിപാടിയിലാണ് കുഞ്ഞിനെ കൊണ്ടുവന്നതെന്നും കുട്ടി അമ്മയുടെ പിറകെ പോയാല്‍ പറ്റില്ലെന്ന് പറയാനാകുമോ എന്നുമാണ് ശബരീനാഥന്റെ ചോദ്യം. തൊഴിൽ ചെയുന്ന അമ്മമാർക്ക് ആരുടെയും സഹതാപം വേണ്ട, പക്ഷേ അവർക്ക് പ്രവർത്തിക്കാൻ പോസിറ്റീവായ ഒരു സ്പേസ് സമൂഹം നൽകണമെന്നും ശബരിനീഥൻ പോസ്റ്റിൽ കുറിച്ചു.
എഴുത്തുകാരൻ ബെന്യാമിൻ, സാമൂഹിക പ്രവർത്തക ധന്യാ രാമൻ, നടൻ സന്തോഷ് പണ്ഡിറ്റ് തുടങ്ങി നിരവധിപ്പേർ കലക്ടർക്ക് പിന്തുണയുമായി രംഗത്തെത്തി. കലക്ടറായിരിക്കെ തന്നെ ഭാര്യ, അമ്മ, സുഹൃത്ത് എന്നിങ്ങനെ പലവിധ റോളുകൾ വഹിക്കുന്ന വ്യക്തി കൂടിയാണ്. തന്റെ കുഞ്ഞിനൊപ്പം ഇത്തിരി സമയം ചെലവഴിക്കാൻ അവർക്കും അവകാശമുണ്ട്. ആ സമയം നഷ്ടപ്പെടുത്തി സ്വകാര്യചടങ്ങിൽ പങ്കെടുക്കുമ്പോൾ കുഞ്ഞിനെ കൂടെ കൊണ്ടുപോയി എന്നതിൽ എന്താണിത്ര ആക്ഷേപിക്കാനുള്ളതെന്നായിരുന്നു ബെന്യാമിൻ ചോദിച്ചത്.
പൊതുവേദികളിലും പാര്‍ലമെന്റിലും നിയമ നിര്‍മ്മാണ സഭകളിലും കുഞ്ഞുങ്ങളുമായി എത്തുന്ന അനേകം രാജ്യങ്ങളിലെ അമ്മമാര്‍ക്ക് നല്‍കുന്ന ബഹുമാനം ഇവിടെയും നല്‍കാനുള്ള ബോധം എന്നാണ് നമ്മള്‍ ആര്‍ജിക്കുകയെന്നും ബെന്യാമിന്‍ ചോദിക്കുന്നു. പ്രമുഖരായ വനിതാ വ്യക്തിത്വങ്ങളിൽ പലരും കുട്ടിക്കൊപ്പം ജോലി ചെയ്യുന്ന ചിത്രങ്ങൾ പങ്കുവച്ച് ദിവ്യയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.