തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ താത്കാലിക തസ്തികകളിൽ ഒഴിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി മേയർ ആര്യാ രാജേന്ദ്രൻ സി.പി.എം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് പുറത്ത്. നഗസഭയിലെ 295 താത്ക്കാലിക തസ്തികകളിലേക്ക് പാര്‍ട്ടിക്കാരെ നിയമിക്കാന്‍ മുന്‍ഗണനാ പട്ടിക ആവശ്യപ്പെട്ടാണ് മേയര്‍കത്ത് നൽകിയിരിക്കുന്നത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് കത്ത്.
നഗരസഭയുടെ ആരോഗ്യ വിഭാഗത്തിലേക്ക് 295 താത്ക്കാലിക ജീവനക്കാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നുണ്ടെന്നും ഇതിലേക്ക് പാര്‍ട്ടിയുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. നവംബര്‍ ഒന്നിന് അയച്ച കത്ത് സിപിഎം ജില്ലാ നേതാക്കന്‍മാര്‍ അതാത് വാര്‍ഡുകളിലെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതോടെയാണ് പുറത്തായത്.
സഖാവേ എന്ന് അഭിസംബോധന ചെയ്തുള്ള കത്തില്‍ ഒഴിവുകള്‍ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍ തരംതിരിച്ച് പറയുന്നുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടതെന്നും അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സംബന്ധിച്ച കാര്യങ്ങളും കത്തില്‍ വിശദീകരിക്കുന്നു.
പ്രത്യേക പാര്‍ട്ടിയില്‍പ്പെട്ടവരെ മാത്രം നിയമിക്കാന്‍ ഒരു മേയര്‍ മുന്‍കൈയെടുക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അതേസമയം ഇത്തരമൊരു കത്ത് താന്‍ ഒപ്പിട്ട് നല്‍കിയിട്ടില്ലെന്നാണ് ആര്യാ രാജേന്ദ്രന്റെ പ്രതികരണം. ഇതുസംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിക്കുമെന്നും മേയര്‍ അറിയിച്ചു.