സംസ്ഥാനത്ത് നഴ്സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന വിദേശ രാജ്യങ്ങളിലെ പര്യടനത്തില്‍ ഹെല്‍ത്ത് പ്രൊഫഷണലുകളെ വലിയ രീതിയില്‍ ആവശ്യമാണെന്ന് മനസിലായിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി വരുന്നു. സംസ്ഥാനത്തിന് ആവശ്യമുള്ളവരുടേയും പുറത്ത് പോകാന്‍ താത്പര്യമുള്ളവരുടേയും എണ്ണം കണക്കിലെടുത്ത് കൂടുതല്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കും. അതിനനുസരിച്ചുള്ള ഇടപെടല്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. നഴ്സിംഗ് വിദ്യാഭ്യാസത്തിന്റെ പുരോഗതിയും പുതിയ കോളേജുകള്‍ ആരംഭിക്കുന്നതുമായും ബന്ധപ്പെട്ട യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സര്‍ക്കാര്‍ മേഖലയില്‍ നിലവിലെ സീറ്റുകളുടെ എണ്ണം കൂട്ടുന്നതിന് കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. നാഷണല്‍ നഴ്സിംഗ് കൗണ്‍സില്‍ മാനദണ്ഡമനുസരിച്ച് ഗുണനിലവാരം ഉറപ്പാക്കും. സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നഴ്സിംഗ് കോളേജുകളും ഹെല്‍ത്ത് സര്‍വീസിന് കീഴില്‍ നഴ്സിംഗ് സ്‌കൂളുകളുമുണ്ട്. കൂടാതെ സ്വകാര്യ മേഖലയിലും നഴ്സിംഗ് കോളേജുകളുണ്ട്. രണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും രണ്ട് സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകളും അഞ്ച് സ്വകാര്യ നഴ്സിംഗ് കോളേജുകളും മാനദണ്ഡങ്ങള്‍ പാലിച്ച് ഈ വര്‍ഷം പുതുതായി ആരംഭിച്ചിരുന്നു. 510 നഴ്സിംഗ് സീറ്റുകളാണ് ഈ വര്‍ഷം വര്‍ധിപ്പിക്കാനായത്. പോസ്റ്റ് ബേസിക് നഴ്സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കാനും നിര്‍ദേശം നല്‍കി.

Exit mobile version