ഫ്രഞ്ച് പടയ്ക്ക് തിരിച്ചടി; കാന്റെയ്ക്ക് പിന്നാലെ പോള്‍ പോഗ്ബയ്ക്കും ലോകകപ്പ് നഷ്ടമാകും

കാല്‍മുട്ടിന്റെ ശസ്ത്രക്രിയ കഴിഞ്ഞ പോഗ്ബയ്ക്ക് ആരോഗ്യം വീണ്ടെടുക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു

പാരീസ്: ഫുട്‌ബോള്‍ ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഫ്രഞ്ച് ടീമിന്റെ കരുത്തന്‍ പോരാളി പോള്‍ പോഗ്ബ ഫിഫ ലോകകപ്പില്‍ നിന്ന് പിന്മാറി. കാല്‍മുട്ടിന്റെ ശസ്ത്രക്രിയ കഴിഞ്ഞ പോഗ്ബയ്ക്ക് ആരോഗ്യം വീണ്ടെടുക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതിനെ പിന്നാലെയാണ് പോള്‍ പോഗ്ബ ഫിഫ ലോകകപ്പില്‍ നിന്നും പിന്മാറുന്നത്. ഫ്രഞ്ച് താരം എന്‍’ഗോലോ കാന്റെയും കാലിന് പരിക്കു പറ്റിയതിനു പിന്നാലെ ലോകകപ്പില്‍ നിന്നും പിന്മാറിയിരുന്നു. 2018 ലെ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചവരാണ് ഇരുവരും. ഫ്രാന്‍സിനെ ച്യാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്ന ഒരാളായിരുന്നു പോഗ്ബ. ക്രൊയേഷ്യക്കെതിരെ ഫൈനലില്‍ ഗോളും നേടിയിരുന്നു. നിലവില്‍ ഇറ്റാലിയന്‍ ലീഗ് ക്ലബ് യുവന്റസിന്റെ ഭാഗമായ പോഗ്ബ കളത്തിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ നിര്‍ബന്ധമായും വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹം കളം വിടുന്നത്.

 

മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയുമായുള്ള സൗഹൃദ മത്സരത്തിലാണ് ഫ്രാന്‍സിന് വേണ്ടി അവസാനമായി അദ്ദേഹം കളിച്ചത്. മേയിലാണ് പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് യുവന്റസില്‍ ചേരുന്നത്. കഴിഞ്ഞ ജൂലൈയിലായിരുന്നു അദ്ദഹത്തിന്റെ വലത് കാല്‍ മുട്ടിന് പരിക്കേറ്റത്. ശസ്ത്രക്രിയ വേണ്ടെന്നും വിശ്രമം കൊണ്ട് ഭേദമാകുമെന്നായിരുന്നുപ പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞ മാസം ശസ്ത്രക്രിയക്ക് വിധേയനാകേണ്ടിവന്നു. രണ്ട് ആഴ്ച്ചയ്ക്ക് മുന്‍പ് വീണ്ടും പരിശീലനത്തിന് ഇറങ്ങിയെങ്കിലും കളിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പിന്മാറ്റം. ഈ സീസണില്‍ അദ്ദേഹത്തിന് ഒരു മിനിറ്റ് പോലും കളത്തിലിറങ്ങാന്‍ സാധിച്ചിട്ടില്ല.

സീസണിന് മുന്നോടിയായി ഉള്ള സന്നാഹ മത്സരത്തിലാണ് അദ്ദേഹത്തിന് പരിക്കേറ്റത്. പോഗ്ബയ്ക്ക് ലോകകപ്പില്‍ കളിക്കാനാകില്ലെന്ന് യുവന്റസ് പരിശീലകനായ മാസിമില്ലാനോ അലഗ്രയും വ്യക്തമാക്കി. ലോകകപ്പില്‍ നവംബര്‍ 22 നാണ് ഫ്രാന്‍സിന്റെ ആദ്യ മത്സരം. ഓസ്‌ട്രേലിയ ആണ് എതിരാളികള്‍. പോഗ്ബയും കാന്റെയും കളിക്കാത്ത സാഹചര്യത്തില്‍ യുവതാരങ്ങളായ ഒറിലിയെന്‍ ചുവമേനിയും അഡ്രിയന്‍ റാബിയട്ടുമാണ് ഫ്രഞ്ച് മധ്യനിരയില്‍ കളിക്കുക. അതിനിടെ ബെല്‍ജിയത്തിന്റെ മുന്നേറ്റ താരമായ റൊമേലോ ലൂക്കാക്കുവും ലോകകപ്പില്‍ ബൂട്ടണിയുന്ന കാര്യം സംശയത്തിലാണ്. ഇറ്റാലിയന്‍ ലീഗില്‍ ഇന്റര്‍മിലാനു വേണ്ടി കളിക്കുന്നതിനിടെയാണ് ലൂക്കാക്കുവിന് പരിക്കേറ്റത്.

Exit mobile version