ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ പ്രൈമറി സ്‌കൂളുകള്‍ ശനിയാഴ്ച മുതല്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. കഴിഞ്ഞ രണ്ടു ദിവസമായി ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. മലിനീകരണ തോത് പുറത്തുവിടുന്നത് സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്‍ഡ് റിസേര്‍ച്ച് (സഫര്‍) ആണ്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അരവിന്ദ് കേജ്രിവാള്‍ ഈ വിവരം അറിയിച്ചത്. അഞ്ച് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ക്ലാസിന് പുറത്തുള്ള പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും കേജ്രിവാള്‍ അറിയിച്ചു.
https://youtu.be/5O5oS3rsUBI
‘വായുമലിനീകരണം രാജ്യംമുഴുവനും നേരിടുന്ന പ്രശ്‌നമാണ്. ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ വായുമലിനീകരണം രൂക്ഷമാണ്. ഡല്‍ഹിയിലെ വായുമലിനീകരണവും രൂക്ഷമായി തുടരുകയാണ്. പഞ്ചാബിലെ കൃഷിക്കാര്‍ പുല്ല് കത്തിക്കുന്നതിന്റെ ഉത്തരവാദിത്തം തങ്ങള്‍ ഏറ്റെടുക്കുകയാണ്. പഞ്ചാബില്‍ സര്‍ക്കാരുണ്ടാക്കിയിട്ട് ആറ് മാസം മാത്രമേ ആയുള്ളു. പുല്ല് കത്തിക്കുന്നത് നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. അടുത്തവര്‍ഷത്തോടെ വായുമലിനീകരണം കുറയ്ക്കാനാകും’ എന്ന് കേജ്‌രിവാള്‍ വ്യക്തമാക്കി.
ഇത്തവണ റെക്കോഡ് നെല്ല് ഉല്‍പ്പാദനമായതുകൊണ്ടാണ് പുല്ല് കൂടുതല്‍ കത്തിക്കേണ്ടി വന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. താങ്ങുവില ഉറപ്പുവരുത്തി അടുത്ത വര്‍ഷം മുതല്‍ നെല്‍കൃഷി കുറച്ച് പച്ചക്കറിയും മറ്റും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മാന്‍ പറഞ്ഞു.
പുല്ല് കത്തിക്കുന്നതിനെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ 34 ശതമാനം വായു മലിനീകരണമുണ്ടാകുന്നതെന്നാണ് ഏജന്‍സി റിപ്പോര്‍ട്ടുകള്‍. ഒട്ടനവധി നിരവധി ആളുകള്‍ക്കാണ് ശ്വാസംമുട്ടലുള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നം ഉണ്ടായത്. കഴിഞ്ഞ ദിവസം മുതല്‍ ഡല്‍ഹിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവച്ചിരുന്നു.