കോഴിക്കോട്: പ്ലസ് ടു കോഴക്കേസിൽ അഴീക്കോട്ടെ വീട്ടിൽ നിന്ന് വിജിലൻസ് പിടികൂടിയ 47.35 ലക്ഷം രൂപ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി സമർപ്പിച്ച ഹർജി കോഴിക്കോട് വിജിലൻസ് കോടതി തള്ളി. കൃത്യമായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ല എന്ന കോടതി നിരീക്ഷണമാണ് കെ. എം ഷാജിക്ക് തിരിച്ചടിയായത്.
തിരഞ്ഞെടുപ്പ് ഫണ്ടിന് വേണ്ടി ബൂത്ത് കമ്മിറ്റികളിൽ നിന്ന് പിരിച്ചെടുത്ത തുകയാണെന്നായിരുന്നു ഷാജിയുടെ പക്ഷം. കൂട്ടത്തിൽ ഇരുപതിനായിരം രൂപയുടെ റസീപ്റ്റും ഷാജി ഹാജരാക്കിയിരുന്നു. എന്നാൽ, ഇത്രയും തുക പിരിച്ചെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുണ്ടോയെന്ന് കോടതി ആരാഞ്ഞു. പതിനായിരം രൂപയിൽ കൂടുതലുള്ള തുക ചെക്ക് / ഡി ഡി മുഖേന സമർപ്പിക്കണമെന്നാണ് ചട്ടമെന്ന് കഴിഞ്ഞ ദിവസം വിജിലൻസ് സ്‌പെഷ്യൽ സെൽ എതിർ സത്യവാങ്മൂലം നൽകിയിരുന്നു.
https://youtu.be/5O5oS3rsUBI
വലിയ തുകയുടെ ഇടപാടുകൾ ബേങ്ക് വഴിയല്ലാതെ കെ എം ഷാജി നടത്തിയെന്നും പണം തിരികെ നൽകരുതെന്നും വിജിലൻസ് വ്യക്തമാക്കിയിരുന്നു. അദ്ദേഹം ഹാജരാക്കിയ റസീപ്റ്റുകൾ വ്യാജമാണെന്നും പിടിച്ചെടുത്ത പണം തിരികെ നൽകുന്നത് അനധികൃത സ്വത്ത് സമ്പാദന കേസിനെ വലിയ രീതിയിൽ ബാധിക്കുമെന്നുമായിരുന്നു വിജിലൻസ് നിലപാട്.
2013ൽ അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂളിന് പ്ലസ് ടു അനുവദിക്കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ഷാജിക്കെതിരെയുള്ള പരാതി. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി പി എം നേതാവാണ് പരാതി നൽകിയത്. തുടർന്ന് കഴിഞ്ഞ വർഷമാണ് ഷാജിയുടെ അഴീക്കോട്ടേയും കോഴിക്കോട്ടേയും വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തിയത്.
Discussion about this post