ബ്രിട്ടന്‍: പറന്നുയര്‍ന്നതിന് തൊട്ട് പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്തിന് മിന്നലേറ്റു. വെല്‍ഷ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ട് പിന്നാലെയാണ് ലോകത്തിലെ ഏറ്റവും വലിയ വിമാനങ്ങളില്‍ ഒന്നിന് മിന്നലേറ്റത്. ഫ്‌ലിന്റഷയറിലെ ഹാവാര്‍ഡന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 13.00 മണിക്ക് എയര്‍ബസ് ബെലൂഗ പറന്നുയര്‍ന്നപ്പോഴാണ് ഇടിമിന്നലേറ്റത്. എന്നാല്‍, ജര്‍മ്മനിയില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
തിമിംഗലത്തിന്റെ ആകൃതിയിലുള്ള എയര്‍ബസ് ബെലൂഗ വിമാനങ്ങള്‍, മറ്റ് വിമാനങ്ങളുടെ ഭാഗങ്ങള്‍ വഹിക്കാനാണ് ഉപയോഗിക്കുന്നത്. വാര്‍ത്ത പുറത്ത് വന്നയുടന്‍ മിന്നലാക്രമണം ഒരു പതിവ് സംഭവമാണെന്നും സര്‍വീസ് പൂര്‍ത്തിയാക്കിയ വിമാനം സുരക്ഷിതമായി ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ ലാന്‍ഡ് ചെയ്തുവെന്നും എയര്‍ബസ് ഒരു വിശദീകരണ കുറിപ്പ് പുറത്തിറക്കി.
എ 350 വിമാനം നിര്‍മ്മിക്കുന്ന ഫ്‌ലിന്റഷെയറിലെ ബ്രൂട്ടണില്‍ നിന്ന് വിമാനം അസംബിള്‍ ചെയ്യുന്ന ടുലൂസിലേക്ക് വിമാന ഭാഗങ്ങള്‍ എത്തിക്കുക എന്നതാണ് ബെലൂഗയുടെ പ്രധാന ജോലി. ബെലൂഗയില്‍ മിന്നലും തുടര്‍ന്ന് വന്‍ സ്‌ഫോടനവും കേട്ടതായി സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകള്‍ വന്നിരുന്നു. കുറച്ച് സമയത്തിന് ശേഷം സമീപത്തെ പല വീടുകളിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. എന്നിരുന്നാലും, വൈദ്യുതി വിതരണ കമ്പനിയായ സ്‌കോട്ടിഷ് പവര്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത് പുനഃസ്ഥാപിച്ചതായി അറിയിച്ചു.