ജറുസലേം: ഇസ്രയേലിൽ 12 വർഷം പ്രധാനമന്ത്രിയായിരുന്ന ബെന്യാമിൻ നെതന്യാഹു ഇടവേളയ്ക്കു ശേഷം വീണ്ടും അധികാരത്തിലേക്ക്. തീവ്രദേശീയ പാർട്ടിയായ റിലിജിയസ് സയനിസ്റ്റുമായി കൈകോർത്താണ് ലിക്കുഡ് പാർട്ടി നേതാവായ നെതന്യാഹു (73) അധികാരത്തിൽ തിരികെയെത്തുന്നത്. 6 ശതമാനം വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 120 അംഗ നെസറ്റിൽ നെതന്യാഹു സഖ്യം 65 സീറ്റ് നേടി. 32 സീറ്റോടെ നെതന്യാഹുവിന്റെ ലികുഡ് പാർടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
വൻ വിജയത്തിലേക്കാണ് നീങ്ങുന്നതെന്നും രാജ്യത്തിന്റെ വിശ്വാസം തിരികെ പിടിക്കാനായെന്നും ലികുഡ് പാർട്ടി ആസ്ഥാനത്ത് എഴുപത്തിമൂന്നുകാരനായ നെതന്യാഹു പ്രതികരിച്ചു. അനവധി അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന നെതന്യാഹുവിനെ താഴെയിറക്കി 2021ലാണ് നെഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിൽ സഖ്യസർക്കാർ അധികാരത്തിലെത്തിയത്. ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെത്തുടർന്ന് സർക്കാർ പിരിച്ചുവിടുകയും മധ്യ ഇടത് പാർട്ടിയായ യെഷ് ആറ്റിഡിന്റെ നേതാവ് യായ്ർ ലാപിഡ് കാവൽ പ്രധാനമന്ത്രിയാകുകയും ചെയ്തു. വെസ്റ്റ് ബാങ്കിൽ ജൂത സെറ്റിൽമെന്റുകൾ നിർമിക്കുന്നതിനെ ശക്തമായി അനുകൂലിക്കുകയും സ്വതന്ത്ര പലസ്തീൻ വാദത്തെ എതിർക്കുകയും ചെയ്യുന്ന നേതാവാണ് നെതന്യാഹു.
Discussion about this post