കാസര്‍കോട്: 17 വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും സുഹൃത്തുക്കള്‍ക്ക് കാഴ്ച വയ്ക്കുകയും ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നെല്ലിക്കട്ട ബിലാല്‍ നഗറിലെ അറഫാത്ത് (23), മലപ്പുറം സ്വദേശിയും ബാങ്കോട് വാടകക്ക് താമസക്കാരനുമായ മുഹമ്മദ് ഷഫീഖ് (28) എന്നിവരാണ് അറസ്റ്റിലായത്.
കാമുകനായ അറഫാത്ത് ആദ്യം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് കാഴ്ചവെക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ 13 പേര്‍ക്കെതിരെ കാസര്‍കോട് വനിതാ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തിട്ടുണ്ട്. വിദ്യാനഗര്‍ സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 17 കാരിയാണ് കൂട്ട പീഡനത്തിനിരയായത്.
ജൂലൈ 31 ന് പെണ്‍കുട്ടിയെ കാണാതായിരുന്നു. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കെ തിരിച്ചെത്തുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞതോടെയാണ് പുറംലോകം അറിഞ്ഞത്. കാസര്‍കോട്, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ലോഡ്ജുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.