എല്ലാത്തിനും കുറ്റം മാത്രം കാണുന്നവര്‍ക്ക് എന്നാണ് നേരം വെളുക്കുകയെന്ന് ബെന്യാമിന്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ പൊതുപരിപാടിക്കിടെ മകളെ മടിയിലിരുത്തിയുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ശ്രദ്ധ നേടിയിരുന്നു. പലരും കയ്യടിച്ച് സ്വീകരിച്ചപ്പോള്‍ ചില കോണുകളില്‍ നിന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു. അത്തരത്തില്‍ വിമര്‍ശനം നടത്തിയവര്‍ക്ക് മറുപടിയുമായി എഴുത്തുകാരന്‍ ബെന്യാമിന്‍ രംഗത്തെത്തിയിരിക്കുകയാണ്. ജില്ലാ കളക്ടര്‍ ആയിരിക്കെ തന്നെ ഭാര്യ, അമ്മ, സുഹൃത്ത്, എന്നിങ്ങനെ പലവിധ റോളുകള്‍ വഹിക്കുന്ന ഒരു വ്യക്തി കൂടിയാണ് അവരെന്ന് ഓര്‍ക്കണമെന്നും എല്ലാത്തിലും കുറ്റം മാത്രം കാണുന്നവര്‍ക്ക് എന്നാണ് നേരം വെളുക്കുകയെന്നും ബെന്യാമിന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

ബെന്യാമിന്റെ കുറിപ്പ്

ഒരിക്കല്‍ കൊല്ലത്ത് ഒരു ചടങ്ങിന് പോയപ്പോള്‍ അവിടെ മുഖ്യാതിഥിയായി ഉണ്ടായിരുന്നത് അനുഗൃഹീത നടന്‍ നെടുമുടി വേണുവായിരുന്നു. അദ്ദേഹം തന്റെ പ്രസംഗത്തിനിടയില്‍ പറഞ്ഞ ഒരു പ്രധാന കാര്യം, ദീര്‍ഘദൂരം യാത്ര ചെയ്ത് ഇത്തരം ചടങ്ങുകള്‍ക്ക് എത്തുമ്പോള്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് കുടുംബത്തോടൊപ്പം ചിലവഴിക്കാമായിരുന്ന നിമിഷങ്ങളാണ്. എങ്കിലും നിങ്ങളുടെ സ്‌നേഹവും നിര്‍ബന്ധവും കണക്കിലെടുത്ത് ഞാനിവിടെ എത്തി എന്നായിരുന്നു. പൊതു ഇടത്തില്‍ നില്‍ക്കുന്ന ഓരോരുത്തരും നേരിടുന്ന ഒരു പ്രശ്‌നം തന്നെ ആണിത്. അവരുടെ സ്വകാര്യ നിമിഷങ്ങള്‍ പലതും നഷ്ടപ്പെടുത്തിയാണ് അവര്‍ പല പരിപാടികളിലും പങ്കെടുക്കുന്നത്.
ഇവിടെ ഇപ്പോള്‍ ഇത് പറയാന്‍ കാരണം പത്തനംതിട്ട ജില്ലാ കളക്ടര്‍ പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങില്‍ മകനെ പങ്കെടുപ്പിച്ചതിനെ വിമര്‍ശിച്ചു കൊണ്ട് ചിലര്‍ എഴുതിയത് കണ്ടതുകൊണ്ടാണ്. അവര്‍ ജില്ലാ കലക്ടര്‍ ആയിരിക്കെ തന്നെ ഭാര്യ, അമ്മ, സുഹൃത്ത്, എന്നിങ്ങനെ പലവിധ റോളുകള്‍ വഹിക്കുന്ന ഒരു വ്യക്തി കൂടിയാണ്. അവര്‍ക്കും സ്വകാര്യ നിമിഷങ്ങള്‍ ആവശ്യമുണ്ട്. തന്റെ കുഞ്ഞിനൊപ്പം ഇത്തിരി സമയം ചിലവഴിക്കാന്‍ അവര്‍ക്കും അവകാശമുണ്ട്. ആ സമയം നഷ്ടപ്പെടുത്തി ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ കുഞ്ഞിനെ കൂടെ കൊണ്ടുപോയി എന്നതില്‍ എന്താണിത്ര ആക്ഷേപിക്കാന്‍ ഉള്ളത്. അമ്മയുടെയും കുഞ്ഞിന്റെയും അവകാശങ്ങളെക്കുറിച്ച് നമുക്ക് എന്തുകൊണ്ട് ചിന്തിക്കാന്‍ ആവുന്നില്ല. പൊതുവേദികളിലും പാര്‍ലമെന്റിലും നിയമ നിര്‍മ്മാണ സഭകളിലും കുഞ്ഞുങ്ങളുമായി എത്തുന്ന അനേകം രാജ്യങ്ങളിലെ അമ്മമാര്‍ക്ക് നല്‍കുന്ന ബഹുമാനം ഇവിടെയും നല്‍കാനുള്ള ബോധം എന്നാണ് നമ്മള്‍ ആര്‍ജിക്കുക. എല്ലാത്തിലും കുറ്റം മാത്രം കാണുന്ന നമുക്ക് എന്നാണ് നേരം വെളുക്കുക.

Exit mobile version