എവിടെ ഒരു അർജന്റീനിയൻ ആരാധകനുണ്ടോ, ഉറപ്പായും അവിടെ അവനെ എതിർക്കാനൊരു ബ്രസീൽ ഫാൻ ഉണ്ടാകും. ഈ വാചകങ്ങളെ അരക്കിട്ടുറപ്പിക്കുന്ന കാഴ്ചയാണ് കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയിലേത്. കഴിഞ്ഞ ദിവസം അർജൻറീനയുടെ മിശിഹാ ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് ചെറുപുഴയിൽ ഉയർന്നിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ ഇത് വലിയ വാർത്തയാക്കിയിരുന്നു. ഇതിന് പിന്നാലെ അതിനേക്കാൾ തലപ്പൊക്കത്തിൽ കാനറികളുടെ സുൽത്താൻ നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ചാണ് ബ്രസീൽ ആരാധകർ മറുപടി കൊടുത്തിരിക്കുന്നത്. മെസിയുടെ കട്ടൗട്ട് 30 അടിയാണെങ്കിൽ നെയ്മറുടെ തലപ്പൊക്കം അതിനേക്കാൾ പത്ത് അടി കൂടെ കൂടും.
40 അടിയോളം വരുന്ന നെയ്മറുടെ കൗട്ടിന് ഏകദേശം 25,000 രൂപ ചെലവ് വന്നുവെന്നാണ് പ്രദേശത്തെ ബ്രസീൽ ആരാധകർ പറയുന്നത്. അർജൻറീനയോട് മത്സരിക്കാൻ തന്നെയാണ് നെയ്മറുടെ കട്ടൗട്ട് മഞ്ഞപ്പടയുടെ ആരാധകർ സ്ഥാപിച്ചത്. എന്നാൽ, ഇതൊരു സൗഹൃദ മത്സരം മാത്രമാണ്. കാൽപ്പന്ത് കളിയോടുള്ള അടങ്ങാത്ത ആവേശം തന്നെയാണ് ഇരു വിഭാഗങ്ങൾക്കുമുള്ളത്. ഒരുമിച്ച് കളി കാണുന്നതിനായി ഗ്രൗണ്ടിൽ സ്‌ക്രീൻ സ്ഥാപിക്കുന്നത് ഉൾപ്പെടെ നാടൊന്നാകെ ലോകകപ്പിനായി വമ്പൻ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
പുഴയ്ക്ക് മീതെ “മിശിഹ”, അതിന് മീതെ 40 അടി തലപ്പൊക്കത്തിൽ “സുൽത്താൻ”
കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ കാനറികളുടെ സുല്‍ത്താന്‍ നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ച് ബ്രസീല്‍ ആരാധകര്‍
