ദില്ലി: അഴിമതിക്കാരെ ഒരു കാരണവശാലും രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവർക്ക് രാഷ്ട്രീയവും സാമൂഹികവുമായ സംരക്ഷണം നൽകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദില്ലിയിലെ വിജ്ഞാൻഭവനിൽ കേന്ദ്ര വിജിലൻസ് കമ്മിഷന്റെ വിജിലൻസ് അവബോധ വാരാചരണത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
“അഴിമതി ഒരു തിന്മയാണ്, അതിൽ നിന്ന് നാം വിട്ടുനിൽക്കണണം. കഴിഞ്ഞ 8 വർഷമായി ‘അഭാവ്’ (അഭാവം), ‘ദബാവ്’ (സമ്മർദ്ദം) എന്നിവ ഉണ്ടാക്കിയ സമ്പ്രദായം മാറ്റാൻ ഞങ്ങൾ ശ്രമിക്കുന്നു.” മോദി പറഞ്ഞു. കേന്ദ്ര വിജിലൻസ് കമ്മിഷന്റെ (സിവിസി) പുതിയ പരാതി മാനേജ്മെന്റ് സിസ്റ്റം പോർട്ടൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വികസിത ഇന്ത്യയുടെ ഭരണസംവിധാനങ്ങളിലെ അഴിമതിയോട് രാജ്യം ഒട്ടും സഹിഷ്ണുത കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പരാതി സംവിധാനം, അഴിമതി പരാതികൾ ഡിജിറ്റലായി നൽകാൻ പൗരന്മാരെ സഹായിക്കുന്നതാണ്. ഉപയോക്തൃ സൗഹൃദ രീതിയിൽ പരാതിയുടെ പുരോഗതി പരിശോധിക്കാനും അവസരമുണ്ടാകും. അഴിമതി വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് സർക്കാർ വകുപ്പുകളുടെ റാങ്കിംഗ് നടത്തണമെന്നും ഉദ്യോഗസ്ഥർക്കെതിരായ അഴിമതിക്കേസുകൾ തക്ക സമയത്ത് തീർപ്പാക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടികൾ ഉടനടി തീരുമാനത്തിലെത്തിക്കേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു. പ്രതിരോധം ഉൾപ്പടെയുള്ള വിവിധ മേഖലകളിൽ സ്വാശ്രയ ഇന്ത്യയ്‌ക്കായി തന്റെ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും ഇത് അഴിമതി കുറയ്ക്കുന്നതിന് കാരണമായെന്നും പ്രധാനമന്ത്രി പറഞ്ഞു. അഴിമതി വിരുദ്ധ നിരീക്ഷണ കേന്ദ്രമായ സെൻട്രൽ വിജിലൻസ് കമ്മീഷൻ, വികസിത രാഷ്ട്രത്തിന് അഴിമതി രഹിത ഇന്ത്യ എന്ന വിഷയത്തിൽ ഒക്ടോബർ 31 മുതൽ നവംബർ 6 വരെ വിജിലൻസ് ബോധവൽക്കരണ വാരം സംഘടിപ്പിക്കുകയാണ്.