കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നവംബര്‍ 10 ന് വിചാരണ പുനരാരംഭിക്കും. വിസ്താരം അവശേഷിയ്ക്കുന്ന 36 സാക്ഷികള്‍ക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി സമന്‍സ് അയച്ചു. മഞ്ജു വാര്യര്‍ അടക്കമുള്ള മൂന്ന് സാക്ഷികള്‍ക്ക് തല്‍ക്കാലം സമന്‍സില്ല. വീണ്ടും വിസ്തരിയ്ക്കണമെങ്കില്‍ പ്രത്യേക അപേക്ഷ നല്‍കണമെന്ന് വിചാരണക്കോടതി വ്യക്തമാക്കി.
ഒരിക്കല്‍ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കണമെങ്കില്‍ പ്രത്യേക അപേക്ഷ നല്‍കണമെന്ന് ദിലീപിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് പ്രത്യേക അപേക്ഷ നല്‍കാമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ആദ്യം വിസ്തരിക്കുന്നത് പള്‍സര്‍ സുനിയുടെ സഹ തടവുകാരന്‍ സജിത്തിനെയാണ്.
https://youtu.be/VIdcbBLFc-0
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നടത്തിയ തുടരന്വേഷണത്തിന്റെ ഭാഗമായി സമര്‍പ്പിച്ച അധിക കുറ്റപത്രത്തില്‍ 97 സാക്ഷികളുണ്ട്. ഇതില്‍ ഉടന്‍ വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറിയിരുന്നു. നടി മഞ്ജു വാര്യര്‍, സംവിധായകന്‍ ബാലചന്ദ്രകുമാര്‍, രഞ്ജു രഞ്ജിമാര്‍, സാഗര്‍ വിന്‍സന്റ്, സായ് ശങ്കര്‍, പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന ജിന്‍സണ്‍ തുടങ്ങിയവരാണ് ആദ്യം വിസ്തരിക്കേണ്ടവരുടെ പട്ടികയിലുള്ളത്.
നടിയെ ആക്രമിച്ച കേസില്‍ നേരത്തെ 220 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു കെ പൗലോസിന്റെ വിസ്താരം ബാക്കിനില്‍ക്കെയായിരുന്നു കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത്. അധിക കുറ്റപത്രത്തിലെ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായ ശേഷമാകും ഇനി ബൈജു പൗലോസിനെ വിസ്തരിക്കുക. തുടരന്വേഷണത്തില്‍ ദിലീപിനെ കൂടാതെ സുഹൃത്ത് ശരത്തിനെയും പ്രതി ചേര്‍ത്തിരുന്നു.
Discussion about this post