ഡൽഹി: ചെങ്കോട്ട ഭീകരാക്രമണക്കേസിൽ ലഷ്‌കറെ ത്വയ്ബ ഭീകരൻ മുഹമ്മദ് ആരിഫിന് വധശിക്ഷ. വിചാരണ കോടതി നല്‍കിയ വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.
കേസിൽ ഡൽഹി ഹൈക്കോടതിയാണ് ആരിഫിന് വധ ശിക്ഷ വിധിച്ചത്. ഇതിനെതിരെയായിരുന്നു പുന:പരിശോധനാ ഹർജിയുമായി ആരിഫ് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് മുൻപാകെയായിരുന്നു ഹർജി. തെളിവുകളുടെ അടിസ്ഥാനത്തിൽ ആരിഫ് കുറ്റം ചെയ്തതായി ബോദ്ധ്യപ്പെട്ടതായി കോടതി വ്യക്തമാക്കി. അതിനാൽ കീഴ്‌ക്കോടതി വിധി അംഗീകരിക്കുന്നു. പുന:പരിശോധനാ ഹർജി തള്ളുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കി.
2000 ഡിസംബർ 22നാണ് ചെങ്കോട്ടയ്ക്ക് നേരെ ഭീകരാക്രമണം നടന്നത്. കോട്ടയിലേയ്ക്ക് നുഴഞ്ഞുകയറിയ ഭീകരർ നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ ഡിസംബർ 25ന് പാകിസ്ഥാൻ പൗരനായ മുഹമ്മദ് ആരിഫ് പൊലീസിന്റെ പിടിയിലായി. 2005 ഒക്ടോബറിൽ 24ന് മുഹമ്മദ് ആരിഫ് കുറ്റക്കാരനാണെന്ന് വിചാരണക്കോടതി നിരീക്ഷിക്കുകയും ഒക്ടോബർ 31ന് ഇയാൾക്ക് വധശിക്ഷ വിധിക്കുകയുമായിരുന്നു.
2007 സെപ്തംബറിൽ മുഹമ്മദ് ആരിഫിന്റെ വധശിക്ഷ ഡൽഹി ഹൈക്കോടതിയും സ്ഥിരീകരിച്ചു. 2011 ഓഗസ്റ്റിൽ ശിക്ഷാവിധിയെ ചോദ്യം ചെയ്ത് ആരിഫ് നൽകിയ അപ്പീൽ തള്ളിയതോടെയാണ് പുനഃപരിശോധനാ ഹർജി നൽകിയത്.
Discussion about this post