തിരുവനന്തപുരം: മ്യൂസിയത്തിൽ പ്രഭാതസവാരിക്കിറങ്ങിയ വനിത ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മലയിൻകീഴ് സ്വദേശി സന്തോഷിനെ കസ്റ്റഡിയില്‍ വാങ്ങാനുളള മ്യൂസിയം പൊലീസിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്.കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ച് കയറിയ കേസില്‍ പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്ത സന്തോഷിനെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു.
ലൈംഗികാതിക്രമ കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയതിന് ശേഷം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്യും. ഇതിന് ശേഷം മ്യൂസിയം പരിസരത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. മ്യൂസിയം പൊലീസിന്റെ കസ്റ്റഡി കാലാവധി കഴിയുന്നതോടെ കുറവന്‍കോണം കേസിലെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പേരൂര്‍ക്കട പൊലീസ് കോടതിയെ സമീപിക്കും.
സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്താണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായ സന്തോഷ് തലസ്ഥാനത്ത് അതിക്രമം നടത്തിയത്.കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമം കാണിച്ച കേസിലെ അന്വേഷണമാണ് സന്തോഷിന് കുരുക്കായി മാറിയത്. 25ന് രാത്രി കുറവന്‍കോണ്‍ത്തെ വീട്ടില്‍ സന്തോഷ് എത്തിയ ഇന്നോവാ കാര്‍ തിരിച്ചറിഞ്ഞിരുന്നു.
ജല വിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുള്ള വാഹനം ഉപയോഗിക്കുന്നത് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാരാന്‍ നായരാണെന്ന് തിരിച്ചറിഞ്ഞു. ഇതിന് പിന്നാലെ ഡ്രൈവര്‍ അന്വേഷണം സന്തോഷിലേക്ക് എത്തി.
വനിതാ ഡോക്ടറെ ആക്രമിച്ചപ്പോഴും കുറവന്‍കോണത്തെ വീട്ടില്‍ കയറിയപ്പോഴും സന്തോഷിന്റെ മൊബൈല്‍ ടവര്‍ ആ പരിസരങ്ങളില്‍ തന്നെയായിരുന്നു.കുറവന്‍കോണത്തെ കേസില്‍ ഇന്നലെ രാത്രി സന്തോഷിനെ അറസ്റ്റ് ചെയ്തു.
Discussion about this post