കേരള സർക്കാരുമായി കൊമ്പുകോർത്ത് എന്നും മാദ്ധ്യമങ്ങളിൽ നിറയുന്ന ആരിഫ് മുഹമ്മദ് ഖാനാണ് ഇപ്പോൾ നാടുമുഴുവൻ സംസാരവിഷയം. ഇതുപോലൊരു ഗവണറെ കേരള ജനത കണ്ടിട്ടില്ലെന്നാണ് പലരും പറയുന്നത്. എന്നാൽ 71കാരനായ സാക്ഷാൽ ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്ട്രീയ ജീവിതത്തിലൂടെ കടന്നു പോയാൽ മനസിലാകും, പരസ്യ പ്രതികരണങ്ങളുടെ ആശാനാണ് അദ്ദേഹമെന്ന്. തനിക്ക് പറയാനുള്ളത് മുഖം നോക്കാതെ വിളിച്ചുപറയും. ഹിതമല്ലാത്തതിനെയൊക്കെ പരസ്യമായി വിമർശിക്കുന്നതാണ് പ്രകൃതം. അതുകൊണ്ടാണ് അദ്ദേഹത്തിന് രാഷ്ട്രീയജീവിതത്തിൽ അഞ്ചോളം പാർട്ടികളിൽ പ്രവർത്തിക്കേണ്ടിവന്നത്. യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം സംഘർഷഭരിതമായ സിനിമപോലെയാണ്.
1951ൽ ഉത്തർപ്രദേശിലെ ബുലന്ദ്ഷെഹർ ജില്ലയിലെ ബാരാബസ്തിയിലാണ് ആരിഫ് മുഹമ്മദ് ഖാൻ ജനിച്ചത്. ജാമിയാ മിലിയാ, അലിഗഢ് മുസ്‌ലിം സർവകലാശാല, ലക്നൗ സർവകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. വിദ്യാർത്ഥി രാഷ്ട്രീയ കാലത്ത് തീപ്പൊരി പ്രാസംഗികന്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
നിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ ഖാൻ പരാജയം രുചിച്ചു. ചൗധരി ചരൺസിങ്ങിന്റെ ഭാരതീയ ക്രാന്തി ദളിന്റെ ബാനറിൽ സിയാന മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും തോറ്റുപോയി. തളർന്നില്ല, വീണ്ടും മത്സരിച്ചു. അങ്ങനെ 1977-ൽ തന്റെ ഇരുപത്തിയാറാമത്തെ വയസ്സിൽ ഖാൻ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.
അടിയന്തരാവസ്ഥയ്ക്ക് ശേഷം ഭാരതീയ ക്രാന്തി ദൾ ജനതാ പാര്‍ട്ടിയില്‍ ലയിച്ചു. അങ്ങനെ ആരിഫ് മുഹമ്മദ് ഖാനും ജനതാ പാര്‍ട്ടിയില്‍ ചേക്കേറി.
1980ൽ ഖാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെത്തി. 1980-ൽ കാൺപൂരിൽ നിന്നും, 1984-ൽ ബഹ്റൈച്ചിൽ നിന്നും പാർലമെന്റിലെത്തി. പാർലമെന്റിൽ ഏറെക്കാലം കോൺഗ്രസിന്റെ തീവ്രസ്വരമായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. ഷാബാനു കേസിലെ കോൺഗ്രസ് നിലപാടിൽ പാർട്ടിയുമായി ഉടക്കി. വിവാഹമോചിതരാകുന്ന മുസ്‌ലിം യുവതികൾക്ക് ജീവനാംശത്തിനുള്ള അവകാശം ഉറപ്പുനൽകുന്ന ആ വിധിക്കെതിനെതിരെ രാജ്യത്തെ മുസ്‌ലിം സംഘടനകൾ ഒന്നടങ്കം അണിനിരന്നു. കോടതിവിധിയെ അട്ടിമറിച്ചു കൊണ്ട് ‘മുസ്‌ലിം പേഴ്സണൽ ലോ ബിൽ’ കൊണ്ടു വന്ന രാജീവ്ഗാന്ധിയുടെ മുഖത്ത് നോക്കി മുസ്ലിം പ്രീണനമാണ് ചെയ്യുന്നതെന്ന് പറഞ്ഞശേഷമാണ് ആരിഫ് മുഹമ്മദ് ഖാന്‍ കോൺഗ്രസിൽ നിന്ന് രാജിവച്ചത്.
കോൺഗ്രസ് വിട്ട ഖാൻ നേരെ പോയത് വി.പി. സിങ്ങിന്റെ ജനതാദളിലേക്കാണ്. 1989ൽ ദളിന്റെ ചിഹ്നത്തിൽ മത്സരിച്ച് വീണ്ടും ലോക്സഭയിലെത്തി. കേന്ദ്രമന്ത്രിയായി. 1998-ൽ ജനതാദൾ വിട്ട് ബഹുജൻ സമാജ് വാദി പാർട്ടിയിൽ ചേർന്ന് വീണ്ടും പാലമെന്റിലെത്തി. 2004ൽ ബിഎസ്പി വിട്ട് അദ്ദേഹം ബിജെപിയിൽ ചേർന്നു. കൈസർഗഞ്ചിൽ നിന്നും ബിജെപി ടിക്കറ്റിൽ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയം രുചിക്കേണ്ടി വന്നു. ബിജെപിയുടെ നയങ്ങളെയെല്ലാം പിന്തുണച്ച ഖാൻ, പിന്നീട് പാർട്ടി തന്നെ നിരന്തരം അവഗണിച്ചു എന്ന് പരാതിപ്പെട്ട് 2007-ൽ ബി.ജെ.പിയിൽ നിന്നും രാജിവച്ചു.
എല്ലാക്കാലത്തും മുസ്ലീങ്ങള്‍ക്കുള്ളിലെ നവീകരണത്തെ അദ്ദേഹം പിന്തുണച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ മുത്തലാഖ് ബില്‍കൊണ്ടുവന്നപ്പോള്‍, അതിന്റെ പ്രചാരകനായി ഖാന്‍ മാറി. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഖാൻ അടുത്തു. ഈ അടുപ്പമാണ് 2019ൽ ഖാനെ കേരള ഗവര്‍ണ്ണര്‍ എന്ന പദവിയിലെത്തിച്ചത്.
വിദ്യാർത്ഥി ജീവിതകാലം മുതൽക്കുതന്നെ എഴുത്തിൽ തത്പരനായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ‘Text and Context: Quran and Contemporary Challenges’ എന്ന പേരിൽ പുസ്തകമെഴുതിയിട്ടുണ്ട്.രേഷ്മ ആരിഫാണ് ജീവിത പങ്കാളി. ഇരുവരും ചേർന്ന് അംഗപരിമിതർക്കുവേണ്ട സഹായങ്ങൾ ചെയ്യുന്ന സമർപ്പൺ എന്ന സന്നദ്ധസംഘടന നടത്തുന്നുണ്ട്. ദമ്പതികൾക്ക് രണ്ട് ആൺമക്കളാണ്. മൂത്തയാൾ മുസ്തഫ ആരിഫ് അഭിഭാഷകമാണ്. രണ്ടാമത്തെയാൾ കബീർ ആരിഫ്. പൈലറ്റ് ആയി പരിശീലനം നേടിയെങ്കിലും ഇപ്പോൾ ഉത്തർപ്രദേശിൽ ജൈവകൃഷിയിൽ നടത്തുന്നു.
നജ്മാ ഹെപ്തുള്ളയ്ക്ക് ശേഷം ബിജെപി നിയമിക്കുന്ന രണ്ടാമത്തെ മുസ്ലിം ഗവർണറാണ് ഖാൻ. അതുകൊണ്ട് തന്നെ ഉത്തരവാദിത്വവും വലുതായിരുന്നു. ഗവർണറുടെ ഓഫീസിനെ ഒരു ശ്രദ്ധാകേന്ദ്രമാക്കി മാറ്റാൻ ആരിഫ് മുഹമ്മദ് ഖാൻ ആദ്യം മുതലേ ശ്രമിച്ചിരുന്നു. അതിലദ്ദേഹം വിജയിക്കുകയും ചെയ്തു. കേരള സർക്കാരിനെ ആക്രമിക്കാൻ വീണു കിട്ടിയ അവസരങ്ങൾ ഒന്നും അദ്ദേഹം പാഴാക്കിയില്ല. സംഘപരിവാർ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നുവെന്ന് സർക്കാർ ആക്ഷേപിക്കുമ്പോഴും ഖാന് കൂസലില്ല. കാരണം കൃത്യമായ പദ്ധതികളോടെയാണ് അദ്ദേഹത്തിന്റെ ഓരോ നീക്കവും. സർക്കാരുമായുള്ള പോരാട്ടത്തിൽ ഖാന് വിജയിക്കാനാകുമോയെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
ആരിഫ് മുഹമ്മദ് ഖാൻ എന്നും വിവാദങ്ങളുടെ തോഴൻ
കേരള സർക്കാരുമായി കൊമ്പുകോർത്ത് എന്നും മാദ്ധ്യമങ്ങളിൽ നിറയുന്ന ആരിഫ് മുഹമ്മദ് ഖാനാണ് ഇപ്പോൾ നാടുമുഴുവൻ സംസാരവിഷയം. ഇതുപോലൊരു ഗവണറെ കേരള ജനത കണ്ടിട്ടില്ലെന്നാണ് പലരും പറയുന്നത്.
