തിരുവനന്തപുരം: പൊതു സ്ഥലങ്ങളിലെ സൗജന്യ ചാര്‍ജിംഗ് പോയിന്റുകള്‍ വഴി ഹാക്കര്‍മാര്‍ നടത്തുന്ന സൈബര്‍ തട്ടിപ്പില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. ജ്യൂസ് ജാക്കിംഗ് എന്നറിയപ്പെടുന്ന ഇത്തരം തട്ടിപ്പിന്റെ പൂര്‍ണ വിവരങ്ങളും സ്വീകരിക്കേണ്ട മുന്‍കരുതലുകളും അടക്കം വിശദീകരിച്ചുകൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിമാനത്താവളങ്ങള്‍, ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പാര്‍ക്കുകള്‍, മാളുകള്‍ തുടങ്ങി സ്ഥലങ്ങളിലടക്കമുള്ള സൗജന്യ ചാര്‍ജിംഗ് പോയിന്റുകളിലൂടെയാണ് ഹാക്കര്‍മാര്‍ തട്ടിപ്പ് ലക്ഷ്യമിടുന്നത്. മൊബൈല്‍ ഫോണിന്റെ ചാര്‍ജിങ് കേബിളും ഡാറ്റാ കേബിളും ഒരു കേബിളായി ഉപയോഗിക്കാന്‍ തുടങ്ങിയത് മുതലാണ് പ്രധാനമായും ഇത്തരം തട്ടിപ്പ് തുടങ്ങിയതെന്നും പലപ്പോഴും ജ്യൂസ്-ജാക്കിംഗ് ആക്രമണങ്ങളില്‍ ഉപയോക്താവ് തന്റെ സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി അറിയില്ലെന്നും പിന്നീട് ബ്ലാക്ക് മെയില്‍ ചെയ്യപ്പെടുമ്പോളാകും അറിയുകയെന്നും പൊലീസ് വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കൃത്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് കേരള പൊലീസ് പറയുന്നത്.
തട്ടിപ്പുകാരുടെ രീതി
1 ബാങ്കിംഗിനായി ഉപയോഗിക്കുന്ന പാസ്വേഡുകള്‍, സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍, വ്യക്തിഗത ഡാറ്റ എന്നിവ ഹാക്കര്‍മാര്‍ ചോര്‍ത്തുകയും വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പ്രവേശനം നേടുകയും ചെയ്യുന്നു. പാസ്വേഡുകള്‍ റീസെറ്റ് ചെയ്ത് ഉപകരണത്തില്‍ നിന്ന് യഥാര്‍ത്ഥ ഉടമയെ പുറത്താക്കി സ്വകാര്യ ഡാറ്റ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുന്നു.
2 കേബിള്‍ പോര്‍ട്ടില്‍ ഒരു ഉപകരണം എത്ര സമയം പ്ലഗ് ചെയ്തിരിക്കുന്നു എന്നതിനെ ആശ്രയിച്ച്, വളരെ വലിയ അളവിലുള്ള ഡാറ്റ വരെ അപഹരിക്കപ്പെട്ടേക്കാം. ജ്യൂസ്-ജാക്കിംഗ് ആക്രമണങ്ങളില്‍, ഉപയോക്താവ് തന്റെ സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി അറിയുന്നില്ല.
3 ജ്യൂസ്-ജാക്കിംഗ് വഴി മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഫോണിലോ കമ്പ്യൂട്ടറിലോ കൃത്രിമം കാണിക്കാം. ഉപകരണത്തില്‍ നിന്ന് ഉപയോക്താവിനെ ലോക്ക് ചെയ്യുക അല്ലെങ്കില്‍ വിവരങ്ങള്‍ മോഷ്ടിക്കുക ഉള്‍പ്പെടെ വലിയ നാശനഷ്ടങ്ങള്‍ വരുത്തിയേക്കാം.
4 ചാര്‍ജറിലേക്ക് പ്ലഗ് ചെയ്തിരിക്കുന്ന ഉപകരണത്തെ മാല്‍വെയര്‍ ഉപയോഗിച്ച് ഹാക്ക് ചെയ്യുക മാത്രമല്ല, അതേ മാല്‍വെയര്‍ മറ്റ് കേബിളുകളെയും പോര്‍ട്ടുകളെയും ഹാനികരമായി ബാധിച്ചേക്കാം.
5 ചാര്‍ജിംഗ് ഉപകരണത്തിലൂടെ അപ്ലോഡ് ചെയ്യപ്പെടുന്ന ചില മാല്‍വെയറുകള്‍ ഹാക്കര്‍ക്ക് പൂര്‍ണ്ണ നിയന്ത്രണം നല്‍കിക്കൊണ്ട് ഉടമയെ അവരുടെ ഉപകരണത്തില്‍ നിന്ന് ലോക്ക് ചെയ്യുന്നു.
സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
1 പൊതു ചാര്‍ജ്ജിംഗ് സ്റ്റേഷനുകളില്‍ നിന്ന് ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഡിവൈസുകള്‍ സ്വിച്ച് ഓഫ് ചെയ്യുക.
2 കഴിവതും പവര്‍ ബാങ്ക് ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്യുക.
3 ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ പാറ്റേണ്‍ ലോക്ക്, വിരലടയാളം, പാസ്സ് വേര്‍ഡ് തുടങ്ങിയ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കരുത്.
4 പൊതു യുഎസ്ബി ചാര്‍ജ്ജിംഗ് യൂണിറ്റുകള്‍ക്ക് പകരം AC പവര്‍ ഔട്ട്‌ലെറ്റുകള്‍ ഉപയോഗിക്കുക.
5 കേബിള്‍ വഴി ഹാക്കിംഗ് നടക്കുന്നില്ല എന്നുറപ്പാക്കാന്‍ യുഎസ്ബി ഡാറ്റ ബ്ലോക്കര്‍ ഉപയോഗിക്കാം.