തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാരണം കാണിക്കൽ നോട്ടിസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർമാർ ഹൈക്കോടതിയെ സമീപിച്ചു. കണ്ണൂര്‍ വി.സി. ഗോപിനാഥ് രവീന്ദ്രന്‍ അടക്കം ഏഴ് വൈസ് ചാന്‍സലര്‍മാരാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
വി.സി. നിയമനം റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ രേഖാമൂലം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈസ് ചാൻസർമാർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയ സാഹചര്യത്തിലാണ് വി.സിമാർ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇന്ന് ഈ ഹര്‍ജി പരിഗണിക്കും.
താൻ നൽകിയ കാരണം കാണിക്കൽ നോട്ടിസിനു മറുപടി ലഭിക്കണം എന്നതിൽ മാറ്റമില്ലെന്നും, കാരണം കാണിക്കൽ നോട്ടിസ് ലഭിച്ച 10 വൈസ് ചാൻസലർമാരിൽ ആർക്കെങ്കിലും തന്നെ നേരിട്ടു കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ താൽപര്യമുണ്ടെങ്കിൽ ഏഴിനു മുൻപ് അറിയിക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സാങ്കേതിക സർവകലാശാലാ വി.സി. ഡോ. എം.എസ്.രാജശ്രീയെ സുപ്രീം കോടതി അയോഗ്യയാക്കിയ സാഹചര്യത്തിൽ അവർക്ക് രാജ്ഭവൻ ആദ്യം അയച്ച കാരണം കാണിക്കൽ നോട്ടിസ് പിൻവലിച്ചു. സുപ്രീം കോടതി പുറത്താക്കിയ വി.സിക്ക് ഗവർണർ നോട്ടിസ് നൽകുന്നത് അവർക്ക് നിയമപരമായി അനുകൂലമാകും എന്നതിനാലാണ് ഇതു പിൻവലിച്ചത്. ഹിയറിങ് വേണമെങ്കിൽ അറിയിക്കണം എന്ന കത്തും രാജശ്രീക്ക് അയച്ചിട്ടില്ല. മറുപടി നൽകിയില്ലെങ്കിൽ വി.സിമാർക്ക് ഒന്നും പറയാനില്ലെന്ന അനുമാനത്തിൽ ഗവർണർ തുടർ നടപടികളിലേക്കു കടക്കും. സാങ്കേതിക സർവകലാശാലാ വി.സിയുടെ ചുമതല ആർക്കു നൽകണമെന്നതിൽ ഇന്നലെയും തീരുമാനമായതുമില്ല.
നിയമനം സംബന്ധിച്ച് സുപ്രീം കോടതി പറഞ്ഞിരിക്കുന്ന നിയമം ബാധകമാക്കിയാൽ, കേരളത്തിൽ 11 സർവകലാശാലകളിലും വൈസ് ചാൻസലർമാരെ നിയമിച്ചിരിക്കുന്നതു നിയമവിരുദ്ധമായാണെന്നും തുടക്കം മുതലേ ഇതു നിലനിൽക്കുന്നതല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
അതേസമയം, ഗവര്‍ണറുടെ പുറത്താക്കല്‍ നടപടിക്കെതിരെ കേരള സര്‍വ്വകലാശാല സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അംഗത്വം റദ്ദാക്കിയ ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് സെനറ്റ് അംഗങ്ങളുടെ നിലപാട്.
എന്നാല്‍ സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഒരു അംഗത്തെ നോമിനേറ്റ് ചെയ്ത് തീര്‍ക്കേണ്ട വിഷയം സര്‍വ്വകലാശാല അനാവശ്യ വിവാദത്തിലാക്കിയെന്നും വി.സിയില്ലാതെ എങ്ങനെ സര്‍വ്വകലാശാലയ്ക്ക് പ്രവര്‍ത്തിക്കാനാകുമെന്നും കോടതി ചോദിച്ചിരുന്നു.
നവംബര്‍ 4 ന് ചേരുന്ന സര്‍വ്വകലാശാല സെനറ്റ് യോഗത്തില്‍ സെര്‍ച്ച് കമ്മിറ്റിയെ നോമിനേറ്റ് ചെയ്യാനുള്ള അജണ്ടയുണ്ടോയെന്ന് സര്‍വ്വകലാശാല ഇന്ന് അറിയിക്കണം. ഗവര്‍ണ്ണര്‍ പുറത്താക്കിയ അംഗങ്ങള്‍ക്ക് നവംബര്‍ 4 ന് ചേരുന്ന സെനറ്റില്‍ പങ്കെടുക്കാനാകുമോ എന്ന് ഇന്ന് കോടതി തീരുമാനിക്കും. വിജ്ഞാപനം പിന്‍വലിക്കണമെന്ന് മുന്‍ വി.സിയും സെനറ്റും ആവശ്യപ്പെട്ടത് നിയമവിരുദ്ധവും പ്രകടമായ അധിക്ഷേപമാണെന്ന് ഗവര്‍ണര്‍ കോടതിയെ അറിയിച്ചിരുന്നു.
Discussion about this post