കൊച്ചി: കേരള സര്‍വകലാശാലയ്ക്കെതിരേ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍വകലാശാലയ്ക്ക് വൈസ് ചാന്‍സലര്‍ വേണ്ടെന്നാണോ പറയുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ ഒളിച്ചുകളിക്കരുതെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് അഭിപ്രായപ്പെട്ടു. വൈസ് ചാന്‍സലറെ നിയമിക്കാനായി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രൂപവത്കരിച്ച സെലക്ഷന് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യണമെന്ന നിര്‍ദേശത്തോട് സര്‍വകലാശാല അനുകൂലമായി പ്രതികരിക്കാത്തതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ വാക്കാലുള്ള പ്രതികരണം.
ചാന്‍സലര്‍ക്കെതിരെ പ്രമേയം പാസാക്കിയ സെനറ്റ് നടപടി നിയമപരമായി തെറ്റാണെന്നും ഹൈക്കോടതി പറഞ്ഞു. വിസിയെ തിരഞ്ഞെടുക്കുന്നത് വൈകിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാരണംകാണിക്കൽ നോട്ടിസിനെതിരായ വിസിമാരുടെ ഹര്‍ജികളിൽ, ചാൻസലർ അടക്കമുള്ള എതിർകക്ഷികളോട് ഹൈക്കോടതി വിശദീകരണം തേടി. ഹർജികൾ നാളത്തേക്ക് മാറ്റി.
ഗവർണറുടെ കാരണംകാണിക്കൽ നോട്ടിസ് നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഏഴ് വിസിമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിസി നിയമനം റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കില്‍ രേഖാമൂലം അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവർണർ കാരണംകാണിക്കൽ നോട്ടിസ് നൽകിയത്.
Discussion about this post