ഛഠ് പൂജക്കിടെ ബീഹാറില്‍ മുങ്ങിമരിച്ചത് 53 പേര്‍

ബീഹാറിലെ വിവിധ നദികളിലായി 53 പേര്‍ മുങ്ങിമരിച്ചതായി ദുരന്ത നിവാരണ സേന സ്ഥിരീകരിച്ചു

പട്‌ന: നാലു ദിവസം നീണ്ടുനിന്ന ഛഠ് പൂജക്കിടെ ബീഹാറിന്റെ വിവിധ ഭാഗങ്ങളിലായി മുങ്ങിമരിച്ചത് 53 പേര്‍. സംസ്ഥാനത്തെ വിവിധ നദികളിലായി 53 പേര്‍ മുങ്ങിമരിച്ചതായി ദുരന്ത നിവാരണ സേന സ്ഥിരീകരിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നിതീഷ് കുമാര്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ദീപാവലിക്ക് പിന്നാലെയാണ് ബീഹാറില്‍ നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഛഠ് പൂജ ആഘോഷിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ കണക്കനുസരിച്ച് ഒക്ടോബര്‍ 30ന് പൂര്‍ണിയയില്‍ 5 പേര്‍ മുങ്ങി മരിച്ചു.

പട്‌ന, മുസാഫര്‍പൂര്‍, സമസ്തിപൂര്‍, സഹര്‍സ എന്നിവിടങ്ങളിലായി മൂന്നുപേരും ഗയ, ബെഗുസാരായി, കതിഹാര്‍, ബക്‌സര്‍, കൈമൂര്‍, സിതാര്‍ഹി, ബങ്ക എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും മരിച്ചു. പൂജയുടെ അവസാനദിവസം 31ന് സംസ്ഥാനത്താകെ 18 പേരാണ് മരിച്ചത്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ നിതീഷ് കുമാര്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരെ വേഗത്തില്‍ തിരിച്ചറിയാനും കുടുംബങ്ഹള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ജില്ലാ മജിസ്‌ട്രേറ്റുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

Exit mobile version