തിരുവനന്തപുരം: മ്യൂസിയത്തിന് സമീപത്ത് വെച്ച് വനിതാ ഡോക്ടറെ ആക്രമിച്ച കേസിലും കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയ കേസിലും മലയിന്‍കീഴ് സ്വദേശി സന്തോഷ് സര്‍ക്കാറിന്റെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതായി കണ്ടെത്തി.
ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായ സന്തോഷ് ഔദ്യോഗിക വാഹനത്തിലെത്തിയാണ് രണ്ട് സ്ഥലങ്ങളിലും അതിക്രമം നടത്തിയത്. സര്‍ക്കാര്‍ വാഹനത്തില്‍ ബോര്‍ഡ് മറച്ചുവച്ചായിരുന്നു സന്തോഷ് യാത്ര ചെയ്തിരുന്നത്.
കാറിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. അതിക്രമത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും രേഖാചിത്രവും പുറത്തുവന്നതിനെ തുടര്‍ന്ന് തിരിച്ചറിയാതിരിക്കാന്‍ സന്തോഷ് തലമൊട്ടയടിച്ചതായും പൊലീസ് കണ്ടെത്തി.
അതേസമയം, പ്രതി ചോദ്യചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ദേഷ്യം വരുമ്പോള്‍ കാര്‍ നിര്‍ത്തിയിട്ടതിന് ശേഷം മണിക്കൂറുകളോളം നടക്കാറുണ്ടെന്നും ചോദ്യം ചെയ്യലിനിടെ പ്രതി പൊലീസിനോട് പറഞ്ഞു.
ഇന്നലെയാണ് കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയ കേസില്‍ സന്തോഷ് അറസ്റ്റിലായത് .വനിതാ ഡോക്ടറെ ഉപദ്രവിച്ച കേസിലും ഇയാളുടെ പങ്ക് സംശയിച്ചതിനാല്‍ പൊലീസ് തിരിച്ചറിയല്‍ പരേഡ് നടത്തുകയായിരുന്നു. തുടര്‍ന്നാണ് പരാതിക്കാരി ഇയാളെ തിരിച്ചറിഞ്ഞത്.