കാഞ്ഞങ്ങാട്: പുല്ലൂര്‍ വിഷ്ണുമംഗലത്തെ സീതാലക്ഷ്മിയുടെ വീട്ടു ജനല്‍ കമ്പിയില്‍ കുരുങ്ങിയ പൂച്ചയ്ക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന. കാഞ്ഞങ്ങാടു നിന്നെത്തിയ അഗ്‌നിരക്ഷാ സേന ഹൈഡ്രോളിക്ക് സ്‌പെഡ്രര്‍ മെഷീന്‍ ഉപയോഗിച്ച് കമ്പി വിടര്‍ത്തിയാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്. അടുക്കളയില്‍ ആരുമില്ലാത്ത സമയത്ത് വിശപ്പടക്കി മടങ്ങാമെന്ന് കരുതിയാണ് പൂച്ച സീതാ ലക്ഷ്മിയുടെ അടുക്കളയില്‍ നുഴഞ്ഞുകയറിയത്. ഭക്ഷണം അകത്താക്കി മടങ്ങുന്നതിനിടെ കക്ഷിക്കൊരു അബദ്ധം പറ്റി. അടുത്തുള്ള പാത്രം തട്ടി താഴെയിട്ടു. ശബ്ദം കേട്ടപാടെ വിട്ടുകാര്‍ അടുക്കളയിലേക്ക് ഓടിയെത്തി. പൂച്ച ജീവനും കൊണ്ടോടി ജനല്‍ക്കമ്പിക്കിടയില്‍ ചാടിക്കയറി പുറത്തേക്ക് ചാടാനായിരുന്നു ശ്രമം. എന്നാല്‍ തലയും ഒരു കൈയും കമ്പിക്കുള്ളിലായി കുടുങ്ങി. അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന അവസ്ഥ. വെപ്രാളത്തില്‍ അമിതാവേശവും ദേഷ്യവും ചേര്‍ത്ത് ജനല്‍ കമ്പി കടിച്ചു മുറിക്കാനായി പിന്നെയുള്ള ശ്രമം. എന്നാല്‍ ആ മിഷനും പരാജയപ്പെട്ടു. പിന്നെ ഒന്നും നോക്കിയില്ല, ‘മ്യാവു മ്യാവു’ ഉച്ചത്തില്‍ ഒച്ച വെച്ചു കരഞ്ഞു. ഈ ശ്രമം ഫലം കണ്ടു. ഭക്ഷണം കട്ടുതിന്നതിനലുള്ള ദേഷ്യമൊക്കെ മാറ്റിവച്ച് വിട്ടുകാരും രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ അവരും പരാജയപ്പെട്ടു. ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തി പൂച്ചയെ രക്ഷിച്ചു.