കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ കൊല്ലപ്പെട്ടവരില്‍ ഒരാളുടെ ഡി.എന്‍.എ. ഫലം പുറത്തുവന്നു. കൊല്ലപ്പട്ടവരില്‍ ഒരാള്‍ തമിഴ്‌നാട് സ്വദേശിനി പത്മയാണെന്ന് തിരിച്ചറിഞ്ഞു.
പത്മയെ കൊലപ്പെടുത്തി മൃതദേഹം പല കഷണങ്ങളാക്കി വെട്ടിനുറുക്കിയ ശേഷമാണ് പ്രതികള്‍ കുഴിച്ചിട്ടിരുന്നത്. ഇവയെല്ലാം ഇലന്തൂരിലെ വീട്ടുവളപ്പില്‍നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്നാണ് ഓരോ അവശിഷ്ടങ്ങളില്‍നിന്നും ഡി.എന്‍.എ. സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ ചിലതിന്റെ ഫലമാണ് ചൊവ്വാഴ്ച പുറത്തുവന്നത്.
പത്മത്തിന്റെ മൃതദേഹം എത്രയും പെട്ടന്ന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കുടുംബം കേരള, കര്‍ണാടക മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍, ഇതിന് കാലതാമസം നേരിടുമെന്നാണ് വിവരം. കണ്ടെടുത്ത മുഴുവന്‍ മൃതദേഹാവശിഷ്ടങ്ങളുടെയും ഡി.എന്‍.എ. പരിശോധന പൂര്‍ത്തിയാക്കാനുണ്ടെന്നും ഇതിനുശേഷം മാത്രമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ കഴിയുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.
അതേസമയം, പ്രതികളെ ഇലന്തൂരിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തിയത്തിൽ റോസ്ലിന്റെ ശരീരം കഷണങ്ങള്‍ ആക്കാന്‍ ഉപയോഗിച്ച രണ്ട് കത്തികള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇറച്ചി വെട്ടുന്ന കത്തികള്‍ക്ക് സമാനമായ കത്തികള്‍ ആണ് കണ്ടെത്തിയത്. റോസ്ലിന്റെ ആഭരണവും കണ്ടെടുത്തു. ഒരുഗ്രാമില്‍ താഴെ ഉള്ള മോതിരമാണ് ധനകാര്യ സ്ഥാപനത്തില്‍ നിന്നും കണ്ടെത്തിയത്.
പത്മയുടെ മൃതദേഹം വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ട് മകന്‍ അടക്കമുള്ളവര്‍ ഇപ്പോഴും കൊച്ചിയില്‍ തുടരുകയാണ്. മൃതദേഹം വിട്ടുകിട്ടാന്‍ വൈകുന്നതിനെതിരേ രണ്ടുതവണ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും കേസിന്റെ പുറകെ നടന്നതിനാല്‍ ജോലി വരെ നഷ്ടമായെന്നും പത്മയുടെ മകന്‍ സെല്‍വരാജ് പറഞ്ഞിരുന്നു. കൊച്ചിയില്‍ ഇത്രയും ദിവസം താമസിക്കുന്നതിന് ഒരുപാട് തുക ചെലവായി. മൃതദേഹം എന്നു വിട്ടുകിട്ടുമെന്നോ എപ്പോള്‍ സംസ്‌കരിക്കാമെന്നോ സര്‍ക്കാര്‍ അറിയിച്ചിട്ടില്ല. ഇവിടത്തെ സാഹചര്യങ്ങള്‍ വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അറിയിപ്പു കിട്ടി. എന്നാല്‍ കേരളത്തില്‍നിന്ന് യാതൊരു വിവരവും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് സെല്‍വരാജ് പറഞ്ഞു.