തിരുവനന്തപുരം: മലയാളത്തിലെ പരമോന്നത സാഹിത്യ പുരസ്‍കാരമായ എഴുത്തച്ഛന്‍ പുരസ്‍കാരം നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന്. അഞ്ചുലക്ഷം രൂപയും ശില്‍പ്പവും മംഗളപത്രവും അടങ്ങുന്നതാണ് പുരസ്‍കാരം. മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണ് അംഗീകാരം.
കേരള സാഹിത്യഅക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രൊഫസര്‍ എം കെ സാനു, വൈശാഖന്‍, കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.വി. നാരായണന്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ് എന്നിവര്‍ അംഗങ്ങളായ വിധിനിര്‍ണയ സമിതിയാണ് ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന് സമര്‍പ്പിക്കാന്‍ ഏകകണ്ഠമായി ശുപാര്‍ശ ചെയ്തത്.
വലിയ സന്തോഷവും അഭിമാനവും നല്‍കുന്ന നിമിഷമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ഭാഷാപിതാവിന്റെ പേരിലുള്ള പുരസ്‌കാരം ലഭിക്കുക എന്നത് മലയാളഭാഷയില്‍ എഴുതുന്ന ഒരാളെ സംബന്ധിച്ചിടത്തോളം വലിയ അഭിമാനമുള്ള കാര്യമാണ്. കഴിഞ്ഞ അമ്പത്തിയഞ്ച് കൊല്ലമായി എഴുതുന്നു. എല്ലാം കൊണ്ടും വളരെ സന്തോഷം ഉണ്ട്. തീരെ പ്രതീക്ഷിക്കാതെ പുരസ്‌കാരം വന്നുചേര്‍ന്നതില്‍ വളരെയധികം സന്തോഷമുണ്ട്. എല്ലാ വായനക്കാരോടും അകമഴിഞ്ഞ നന്ദിയുണ്ടെന്നും എഴുത്തുകാരന്‍ പറഞ്ഞു.