കൊച്ചി: കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ച തീരുമാനത്തെ ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാന്‍സലര്‍ നിയമനത്തിലെ കാലതാമസം ഒഴിവാക്കാനാണ് ശ്രമിച്ചത് എന്നും സർവകലാശാല സെനറ്റ് അംഗമെന്ന നിലയിൽ ചുമതലകളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുന്നതിൽ അംഗങ്ങൾ പരാജയപ്പെട്ടതായും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഗവർണർ വിശദീകരിക്കുന്നു.
സെനറ്റ് നടപടി കേരള സർവകലാശാല നിയമത്തിലെ വ്യവസ്ഥകൾക്ക് യോജിച്ചതല്ല. സെലക്ട് കമ്മിറ്റി രൂപീകരിച്ച ചാൻസലറുടെ നിയമാനുസൃതമായ നടപടി സെനറ്റ് വെല്ലുവിളിക്കുന്നതു നിയമവിരുദ്ധമാണ്. ചാൻസലർ പുറപ്പെടുവിച്ച വിജ്ഞാപനം പിൻവലിക്കണമെന്ന സെനറ്റിന്റെ ഐകകണ്ഠമായ തീരുമാനത്തിൽ തന്റെ നോമിനികൾ കക്ഷികളാകുന്നത് നിയമവിരുദ്ധമാണ്. നോമിനികൾ അധികാരപരിധി വിട്ടാണ് പെരുമാറിയതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഹൈക്കോടതി നിർദേശത്തിൽ ചാൻസലർ നാമനിർദേശം പിൻവലിച്ചതിന്റെ രേഖകൾ ഹാജരാക്കിയിട്ടുണ്ട്.
പുറത്താക്കപ്പെട്ട 15 സെനറ്റ് അംഗങ്ങളാണ് ചാൻസലറുടെ ഉത്തരവു സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച വരെ പുതിയ സെനറ്റർമാരെ നാമനിർദേശം ചെയ്യരുതെന്നായിരുന്നു ഹൈക്കോടതി നിർദേശം. അതേസമയം നോമിനേഷൻ പിൻവലിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നില്ല. ജസ്റ്റിസ് മുരളി പുരുഷോത്തമാന്റെ സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇന്നലെ പരിഗണിക്കേണ്ടിയിരുന്ന ഹർജി അഭിഭാഷക സമരം മൂലം ഇന്നത്തേയ്ക്കു മാറ്റിയിട്ടുണ്ട്.
Discussion about this post