എന്റെ ഭൂമി പദ്ധതി; ഡിജിറ്റല്‍ റീ സര്‍വേയ്ക്ക് തുടക്കമായി

'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന സർക്കാർ നയത്തിൻ്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് എന്റെ ഭൂമി പദ്ധതിയുടെ ഭാഗമായി ഭൂമി ഡിജിറ്റലായി അളന്ന് റെക്കോര്‍ഡുകള്‍ തയ്യാറാക്കുന്ന ഡിജിറ്റല്‍ റീ സര്‍വേയ്ക്ക് തുടക്കമായി. ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന സർക്കാർ നയത്തിൻ്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

നാല് വര്‍ഷം കൊണ്ട് സംസ്ഥലത്തെ മുഴുവന്‍ ഭൂമിയും ഡിജിറ്റലായി അളന്ന് തിട്ടപ്പെടുത്തി ഭൂരേഖ തയ്യാറാക്കിയെടുക്കുയാണ് സര്‍ക്കാര്‍ പദ്ധതി കൊണ്ട് ഉദ്ധേശിക്കുന്നത്. സര്‍വേ പൂര്‍ത്തിയാകുന്നതോടെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ക്രയവിക്രയങ്ങളും കൃതൃമായി കണക്കാക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

നാല് വര്‍ഷം കൊണ്ട് കൈവശത്തിന്റെയും ഉടമസ്ഥതയുടേയും അടിസ്ഥാനത്തില്‍ കേരളത്തിലെ മുഴുവന്‍ ഭൂമിയും ഡിജിറ്റലായി അളന്ന് റെക്കോര്‍ഡുകള്‍ തയ്യാറാക്കി ഒരു സമഗ്ര ഭൂരേഖ തയ്യാറാക്കും. 1550 വില്ലേജുകളിലും നാല് വര്‍ഷം കൊണ്ട് ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കും.

പത്ത് ശതമാനം വരുന്ന തുറസായ പ്രദേശങ്ങളില്‍ ഡ്രോണ്‍ അടക്കമുള്ള സാങ്കേതിക വിദ്യകളും നടക്കും. തിരുവനന്തപുരം-22, കൊല്ലം-12, പത്തനംതിട്ട-12 കോട്ടയം-9, ആലപ്പുഴ-8, ഇടുക്കി-13, എറണാകുളം-13, തൃശൂര്‍-23, പാലക്കാട്-14, മലപ്പുറം-18, കോഴിക്കോട് -16, വയനാട് – 8, കണ്ണൂര്‍- 14, കാസര്‍കോട്-18 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള വില്ലേജുകളുടെ എണ്ണം.

116 വില്ലേജുകളില്‍ ഡിജിറ്റല്‍ രൂപത്തിലുള്ള ആര്‍.ടി.കെ സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വേ പൂര്‍ത്തീകരിച്ചിട്ടുണ്ട്. നാല് വര്‍ഷം കൊണ്ട് സര്‍വേ പൂര്‍ത്തിയാക്കും. ഇതിനായി 1500 സര്‍വേയര്‍മാരെയും 3200 ഹെല്‍പ്പര്‍മാരെയും കരാറടിസ്ഥാനത്തില്‍ നിയമിക്കും. ഡിജിറ്റല്‍ റീ സര്‍വേയ്ക്ക് 858.42 കോടിയാണ് മൊത്തം ചെലവ്. ആദ്യഘട്ടമായി റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ നിന്ന് 438.46 കോടി രൂപ അനുവദിച്ചു.

സര്‍വേ വകുപ്പ് ഭൂമി സംബന്ധിച്ച അന്തിമമായ രേഖ റവന്യൂ വകുപ്പിന് കൈമാറുന്നതിന് മുന്‍പപായി ഇതിന്റെ കരട് ഭൂവുടമക്ക് കാണാനും എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ ഉന്നയിക്കാനും അവസരം ലഭിക്കും. ഡിജിറ്റല്‍ സര്‍വെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങള്‍ ഏകജാലക ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറും.

സംസ്ഥാനത്ത് റീസർവെ നടപടികൾ 1966-ൽ ആരംഭിച്ചെങ്കിലും സാങ്കേതികമായ പരിമിതികൾ കാരണം ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തികൊണ്ട് എൻ്റെ ഭൂമി പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

Exit mobile version