ന്യൂഡൽഹി: ടാറ്റ സ്റ്റീൽ മുൻ എം.ഡി ജംഷെഡ് ജെ. ഇറാനി അന്തരിച്ചു. ജംഷെഡ്പൂരിലെ ടി.എം.എച്ച് ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു അന്ത്യം. 86 വയസായിരുന്നു. ഇന്ത്യയിലെ സ്റ്റീൽ വ്യവസായത്തിന്റെ വളർച്ചക്ക് നിർണായക സംഭാവന നൽകിയ ജംഷെഡ് ഇറാനി ‘ഇന്ത്യയുടെ സ്റ്റീൽ മാൻ’ എന്നാണ് അറിയപ്പെടുന്നത്.
1936 ജൂൺ 2 ന് നാഗ്പൂരിൽ ജിജി ഇറാനിയുടെയും ഖോർഷെദ് ഇറാനിയുടെയും മകനായി ജനനം.1956-ൽ നാഗ്പൂരിലെ സയൻസ് കോളേജിൽ നിന്ന് ബിഎസ്സിയും 1958-ൽ നാഗ്പൂർ സർവകലാശാലയിൽ നിന്ന് ജിയോളജിയിൽ എംഎസ്സിയും പൂർത്തിയാക്കി.തുടർന്ന് അദ്ദേഹം യുകെയിലെ ഷെഫീൽഡ് സർവകലാശാലയിൽ ജെ എൻ ടാറ്റ പണ്ഡിതനായി പോയി, അവിടെ 1960 ൽ മെറ്റലർജിയിൽ ബിരുദാനന്തര ബിരുദവും 1963 ൽ മെറ്റലർജിയിൽ പിഎച്ച്ഡിയും നേടി.
1963ൽ ഷെഫീൽഡിലെ ബ്രിട്ടീഷ് അയൺ ആൻഡ് സ്റ്റീൽ റിസർച്ച് അസോസിയേഷനുമായി ചേർന്ന് അദ്ദേഹം തന്റെ പ്രൊഫഷണൽ ജീവിതം ആരംഭിച്ചു. 1968ൽ ടാറ്റ അയൺ ആൻഡ് സ്റ്റീൽ കമ്പനിയിൽ ചേരാനായി അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തി.
വ്യവസായ രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകള്‍ മാനിച്ച് രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ജെ ജെ ഇറാനിയുടെ മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി ടാറ്റാ സ്റ്റീല്‍ പ്രസ്താവനയില്‍ അറിയിച്ചു. ടാറ്റാ ഗ്രൂപ്പിന്റെ വിവിധ ബോര്‍ഡുകളില്‍ അംഗമായിരുന്നു. 2011ല്‍ നീണ്ട 43 വര്‍ഷത്തെ സേവനം അവസാനിപ്പിച്ചാണ് ജെ ജെ ഇറാനി ടാറ്റാ സ്റ്റീലില്‍ നിന്ന് പടിയിറങ്ങിയത്.