നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു; ഇളയ മകൾ ആശുപത്രിയിൽ

അപകട വിവരം നടി തൻെറ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അറിയിച്ചത്

കാനഡ: നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. കാനഡയില്‍ വച്ചാണ് സംഭവം. മക്കളെ സ്കൂളില്‍ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെ രംഭയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നിസാര പരിക്കുകളോടെ എല്ലാവരും രക്ഷപ്പെട്ടെങ്കിലും ഇളയ മകൾ സാഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തെക്കുറിച്ച് നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. തന്‍റെ മകള്‍ക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. കാറിന്‍റെ ചിത്രവും രംഭ പങ്കുവച്ചിട്ടുണ്ട്. അപകടത്തില്‍ ഡോറിന്‍റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഒപ്പം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മകളുടെ ചിത്രവും ഷെയര്‍ ചെയ്തിട്ടുണ്ട്.

“കുട്ടികളെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടു പോകുന്ന വഴിയിൽ വെച്ച് ഞങ്ങളുടെ കാർ മറ്റൊരു കാറുമായി ഇടിക്കുകയായിരുന്നു. ഞാനും കുട്ടികളും നാനിയും ചെറിയ പരിക്കുകളുണ്ടെങ്കിലും സുരക്ഷിതരാണ്. ഇളയ മകള്‍ സാഷ ഇപ്പോഴും ആശുപത്രിയിലാണ്. മോശം ദിനങ്ങൾ, മോശം സമയം. ദയവായി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കൂ” രംഭ കുറിച്ചു. നടി ശ്രീദേവി വിജയകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മകള്‍ക്കു വേഗം സുഖമാകട്ടെ എന്ന് ആശംസിച്ചിട്ടുണ്ട്.

 

Exit mobile version