സല്‍മാന്‍ ഖാന് വൈ പ്ലസ് സുരക്ഷ നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വൈ പ്ലസ് സുരക്ഷ നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. വധഭീഷണിയെ തുടര്‍ന്ന് സല്‍മാന്റെ സുരക്ഷ വര്‍ധിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. പഞ്ചാബി ഗായകന്‍ സിദ്ധു മൂസാവാലയുടെ കൊലപാതകത്തില്‍ ജയിലിലായ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തില്‍ നിന്ന് സല്‍മാന് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടന്‍മാരായ അക്ഷയ് കുമാര്‍, അനുപം ഖേര്‍ എന്നിവര്‍ക്കും സര്‍ക്കാര്‍ ‘എക്‌സ്’ കാറ്റഗറി സുരക്ഷ അനുവദിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്.

ജൂണില്‍ സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനും വധഭീഷണി കത്ത് ലഭിച്ചിരുന്നു. പഞ്ചാബില്‍ കൊല്ലപ്പെട്ട ഗായകന്‍ മൂസവാലയുടെ അവസ്ഥയുണ്ടാകുമെന്നായിരുന്നു കത്തില്‍. ഇതേതുടര്‍ന്ന് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തിലെ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ സല്‍മാന്റെ സുരക്ഷ മുംബൈ പൊലീസ് ശക്തമാക്കി. സ്വയരക്ഷയ്ക്കായി തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സും അനുവദിച്ചു. മുംബൈ, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ സല്‍മാനെ വധിക്കാന്‍ ബിഷ്‌ണോയിയുടെ സംഘം ശ്രമിച്ചതായി കണ്ടെത്തിയിരുന്നു. 2017ല്‍ ബാന്ദ്രയിലെ വസതിയിലും 2018ല്‍ പന്‍വേലിലെ ഫാം ഹൗസിലുമായിരുന്നു ശ്രമമെന്നാണ് റിപ്പോര്‍ട്ട്.

 

 

Exit mobile version