തിരുവനന്തപുരം: പാറശാല മുര്യങ്കര സ്വദേശി ഷാരോണ്‍ രാജിനെ കൊലപ്പെടുത്താന്‍ കാരണം വൈരാഗ്യമെന്ന് പ്രണയിനി ഗ്രീഷ്മ. പ്രണയത്തിലായിരുന്നപ്പോള്‍ കൈമാറിയ ഫോട്ടോകളും വീഡിയോകളും ഷാരോണിന്റെ ഫോണിലുണ്ടായിരുന്നു. ഇത് പ്രതിശ്രുത വരനു കൈമാറുമോയെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഗ്രീഷ്മയുടെ മൊഴി.
ഗ്രീഷ്മയുടെ കുടുംബത്തിനും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് ഷാരോണിന്റെ വീട്ടുകാരുടെ ആരോപണം. ഷാരോണിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് ഗ്രീഷ്മ പൊലീസിനോടു പറഞ്ഞത്. കോളേജ് യാത്രയ്ക്കിടെയിലാണ് ഷാരോണും ഗ്രീഷ്മയും പ്രണയത്തിലാവുന്നത്. എന്നാല്‍ മറ്റൊരു ചെറുപ്പക്കാരന്റെ വിവാഹ ആലോചന വന്നതോടെ ഗ്രീഷ്മ ഷാരോണില്‍ നിന്ന് അകലാന്‍ ശ്രമിച്ചു. വ്യത്യസ്ത ജാതിയിലുള്ളവരായതിനാല്‍ വീട്ടുകാര്‍ സമ്മതിക്കില്ലെന്നും പിരിയാമെന്നും ഗ്രീഷ്മ പറഞ്ഞെങ്കിലും ഷാരോണ്‍ തയാറായില്ല. കൈവശമുള്ള വീഡിയോകളും ഫോട്ടോകളും ഡിലീറ്റ് ചെയ്യാന്‍ പലതവണ അഭ്യര്‍ഥിച്ചു. എന്നാല്‍ അത് ചെയ്യാതെ വന്നതോടെയാണ് വൈരാഗ്യം ഉണ്ടായതെന്നാണ് ഗ്രീഷ്മയുടെ മൊഴി. തുടര്‍ന്നാണ് വിഷം നല്‍കാന്‍ പദ്ധതിയിട്ടത്. സംശയം തോന്നാതിരിക്കാന്‍ ഷാരോണിനോട് കൂടുതല്‍ അടുക്കുകയും ചെയ്തു.
https://youtu.be/P7uHwMRV80M
അതേസമയം ഗ്രീഷ്മയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ്. ഗ്രീഷ്മയുടെ അച്ഛനും അമ്മയും അമ്മയുടെ സഹോദരനും അമ്മയുടെ സഹോദരന്റെ മകളും ഇപ്പോള്‍ കസ്റ്റഡിയിലാണ്. ഇവരുടെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു. ഇവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വ്യക്തത വന്നേക്കും. ഒരാള്‍ക്കു മാത്രമായി കൊലപാതകം ചെയ്യാനാകില്ലെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകത്തില്‍ വീട്ടുകാര്‍ക്ക് പങ്കില്ലെന്നാണ് ഗ്രീഷ്മയുടെ മൊഴിയെങ്കിലും പൊലീസ് ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല.
ഷാരോണും സുഹൃത്തും ബൈക്കില്‍ ഗ്രീഷ്മയുടെ വീട്ടിലേക്കു പോകുന്നത് ഗ്രീഷ്മയുടെ അമ്മ കണ്ടിരുന്നു. ചാറ്റില്‍ ഷാരോണ്‍ ഇക്കാര്യം ഗ്രീഷ്മയോട് പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഷാരോണ്‍ വീട്ടിലെത്തിയത് അറിഞ്ഞില്ലെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. ഗ്രീഷ്മ ഇടയ്ക്ക് ഷാരോണിന്റെ വീടിനടുത്തുള്ള അമ്മാവന്റെ വീട്ടില്‍ വന്നു താമസിച്ചിരുന്നു. കര്‍ഷകനായ അമ്മാവന്റെ വീട്ടില്‍ നിന്നാണ് ഗ്രീഷ്മയ്ക്കു കീടനാശിനി കിട്ടിയതെന്നാണ് വിവരം. കീടനാശിനി ബന്ധുക്കളാണോ നല്‍കിയതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
https://youtu.be/4uPn3FAgsfk