പരിചയപ്പെട്ടത് ബസ് യാത്രയിലൂടെ; ഒരുവര്‍ഷത്തോളം പ്രണയം, നിക്കക്കള്ളിയില്ലാതെ കുറ്റസമ്മതം

നിരവധി യാത്രകള്‍ പോയിരുന്ന ഇരുവരുടെയും നിരവധി ദൃശ്യങ്ങള്‍ ഷാരോണിന്റെ ഫോണില്‍ നിന്ന് ലഭിച്ചിരുന്നു

പാറശ്ശാല: കോളേജിലേക്കുള്ള ബസ് യാത്രയിലൂടെയാണ് ഷാരോണും ഗ്രീഷ്മയും പരിചയപ്പെടുന്നത്. പിന്നീട് ഒരുവര്‍ഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. അഴകിയമണ്ഡപം മുസ്ലിം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ഥിനിയായ ഗ്രീഷ്മയും നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ഥിയായ ഷാരോണും ഒരേ ബസിലാണ് യാത്ര ചെയ്തിരുന്നത്.

ഗ്രീഷ്മയോടൊപ്പം അഴകിയമണ്ഡപത്ത് ഇറങ്ങുന്ന ഷാരോണ്‍ നെയ്യൂരിലേക്കുള്ള ബസിനായി ഇവിടെ കാത്തുനില്‍ക്കുമായിരുന്നു. ഏറെനേരം ഇരുവരും ബസ് സ്റ്റാന്‍ഡില്‍ ചെലവഴിക്കാറുണ്ട്. ഇവിടെ നിന്നുണ്ടായ സൗഹൃദമാണ് പ്രണയത്തിലേക്ക് എത്തിയത്. പിന്നീട് ബസ് യാത്ര നിര്‍ത്തി ബൈക്കിലായിരുന്നു ഇരുവരും സഞ്ചരിച്ചിരുന്നത്. പല ദിവസങ്ങളിലും ഇരുവരും വിദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.

പഠിക്കാന്‍ മിടുക്കിയായിരുന്ന ഗ്രീഷ്മ തമിഴ്‌നാട്ടിലെ എംഎസ് സര്‍വകലാശാലയില്‍ നിന്നു ബിഎ ഇംഗ്ലിഷ് സാഹിത്യത്തില്‍ 4ാം റാങ്ക് നേടിയിരുന്നു. എന്നാല്‍ എം.എ.ക്കു പഠിത്തത്തില്‍ പിന്നിലേക്കു പോയി. ഇതേത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ പ്രണയം കണ്ടെത്തിയത്. എന്നാല്‍ പിന്നീട് ഈ ബന്ധം അവസാനിപ്പിച്ചതായി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചിരുന്നു.

ഹൊറര്‍ സിനിമകള്‍ കാണാനായിരുന്നു ഗ്രീഷ്മയ്ക്ക് ഏറെ താല്പര്യം. നിരവധി യാത്രകള്‍ പോയിരുന്ന ഇരുവരുടെയും നിരവധി ദൃശ്യങ്ങള്‍ ഷാരോണിന്റെ ഫോണില്‍ നിന്ന് ലഭിച്ചിരുന്നു. ഇതൊക്കെയാണ് ഇപ്പോള്‍ കേസില്‍ വഴിത്തിരിവായിരിക്കുന്നത്. എന്നാല്‍ പൊലീസ് അന്വേഷണത്തെയും ചങ്കുറപ്പോടെയാണ് ഗ്രീഷ്മ നേരിട്ടത്. രണ്ടു തവണ മൊഴിയെടുത്തപ്പോഴും പൊലീസിനു പ്രതിയില്‍ സംശയം തോന്നിയിരുന്നില്ല.

എന്നാല്‍ ഗ്രീഷ്മയെയും മാതാപിതാക്കളെയും ഒരുമിച്ചിരുത്തിയും ഒറ്റയ്ക്കിരുത്തിയും നടത്തിയ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഗ്രീഷ്മ പതറിയത്. ഇനിയും പിടിച്ചു നില്‍ക്കാന്‍ ആവില്ലെന്ന് മനസ്സിലായതോടെ എല്ലാം ഏറ്റുപറഞ്ഞു കുറ്റം സമ്മതിക്കുകയായിരുന്നു.

 

https://youtu.be/P7uHwMRV80M

Exit mobile version