ആർഎസ്പി നേതാവ് ടി.ജെ.ചന്ദ്രചൂഡൻ അന്തരിച്ചു

സംസ്കാരം പിന്നീട്

തിരുവനന്തപുരം: മുതിർന്ന ആർ എസ് പി നേതാവ് പ്രൊഫ ടി ജെ ചന്ദ്രചൂഡൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 83 വയസായിരുന്നു. അമേരിക്കയിലുള്ള മകൾ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാരം നടത്തുക.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറേനാളുകളായി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ പല തവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടതല്ലാതെ ജയിക്കാൻ കഴിഞ്ഞിരുന്നില്ല ചന്ദ്രചൂഡന്. എന്നാൽ രാഷ്ട്രീയ നിലപാടുകൾ മുറുകെ പിടിക്കുന്നതിലും അത് പ്രഖ്യാപിക്കുന്നതിലും അദ്ദേഹം ഒരിക്കലും ഒരു തരത്തിലും മടി കാണിച്ചിരുന്നില്ല.

കോളേജ് അധ്യാപകനായിരുന്ന ചന്ദ്രചൂഡന്‍ പി.എസ്.സി. അംഗമായിരുന്നു. ആര്യനാട് നിന്നും നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. 2008 മുതല്‍ 2018 വരെയാണ് ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. ഈ മാസം നടന്ന ആര്‍എസ്പി സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തെ സംസ്ഥാന സമിതിയില്‍ സ്ഥിരം ക്ഷണിതാവായി ഉള്‍പ്പെടുത്തിയിരുന്നു.അഭിജാതനായ ടി.കെ., വിപ്ലവത്തിന്റെ മുൾപാതയിലൂടെ നടന്നവർ, കെ.ബാലകൃഷ്‌ണൻ: മലയാളത്തിന്റെ ജീനിയസ്‌, മാർക്‌സിസം എന്നാൽ എന്ത്‌? തുടങ്ങിയ പുസ്തകങ്ങൾ‌ എഴുതിയിട്ടുണ്ട്.

 

ടി.ജെ ചന്ദ്രചൂഢന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ആർ എസ്.പി. മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ. ടി.ജെ ചന്ദ്രചൂഢന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

ഇടതുപക്ഷ രാഷ്ട്രീയത്തിന് തൊഴിലാളി വിഭാഗങ്ങൾക്കിടയിൽ സ്വാധീനം ഉറപ്പിക്കുന്നതിന് പരിശ്രമിച്ച നേതാവായിരുന്നു അദ്ദേഹം. പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ അദ്ദേഹം തലസ്ഥാനത്തെ സാമൂഹ്യ- സാംസ്കാരിക സദസ്സുകളിൽ സജീവ സാന്നിധ്യമായിരുന്നു.

യുപിഎ ഭരണകാലത്ത് ദേശീയ രാഷ്ട്രീയത്തിലും ചന്ദ്രചൂഡൻ ശ്രദ്ധേയനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

 

ടി.ജെ ചന്ദ്രചൂഡൻ്റെ നിര്യാണത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു അനുശോചിച്ചു

ആർഎസ്പിയുടെ സമുന്നത നേതാവ് പ്രൊഫ.ടി.ജെ. ചന്ദ്രചൂഡന്റെ നിര്യാണത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു അനുശോചനം അറിയിച്ചു. വ്യക്തമായ നിലപാടുകളും ശക്തമായ ഇടപെടലുകളും കൊണ്ട് കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ പ്രവർത്തനം അദ്ദേഹം കാഴ്ചവെച്ചുവെന്ന് മന്ത്രി അനുസ്മരിച്ചു. കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായി മന്ത്രി പറഞ്ഞു.

 

ടി.ജെ ചന്ദ്രചൂഡൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവിൻ്റെ അനുശോചനം

 

ഇടത്പക്ഷ രാഷ്ട്രീയം പറഞ്ഞിരുന്ന തലയെടുപ്പുള്ള നേതാവിനെയാണ് പ്രൊഫ.ടി.ജെ ചന്ദ്രചൂഡൻ്റെ വിയോഗത്തിലൂടെ നഷ്ടമായത്.

ആർ.എസ്.പിയിലെ പഴയ തലമുറ നേതാക്കളുടെ പരമ്പരയിലെ അവസാന കണ്ണി. ശൗര്യവും ആവേശവും ശൈലിയും കെടാതെ സൂക്ഷിച്ചയാൾ. നിലപാടുകളിലെ കാർക്കശ്യം. എല്ലാവരും ബഹുമാനപൂർവ്വം സാർ എന്ന് വിളിച്ചയാൾ. വിഷയങ്ങളിലുള്ള അസാധാരണ അറിവ്, അതിനെ വിശകലനം ചെയ്യാനുള്ള അനിതരസാധാരണമായ കഴിവ്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രയോക്താവ്. നിലപാടെടുക്കുമ്പോഴും അത് പറയുമ്പോഴും വാക്കുകൾ ചിലപ്പോൾ കർശനമാകും . അതിന്റെ പ്രത്യാഘാതമോ മറ്റുള്ളവർക്ക് അത് അനിഷ്ടമുണ്ടാക്കുമോ എന്നതൊന്നും അദ്ദേഹത്തെ ബാധിക്കാറില്ല.

അനുഭവങ്ങളുടെ തീച്ചൂളയിൽ വളർത്തിയെടുത്ത രാഷ്ട്രീയത്തിന്റെ ചൂടും ഉൾക്കാഴ്ചയും ചന്ദ്രചൂഡനുണ്ടായിരുന്നു. പാർട്ടിയും മുന്നണിയും പ്രതിസന്ധികളെ അഭിമുഖീകരികുമ്പോൾ പ്രശ്നപരിഹാരത്തിന് എല്ലാവരും ഉറ്റു നോക്കിയ നേതാവായിരുന്നു അദ്ദേഹം.

ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിൽ ആർ.എസ്.പിയുടെ മുഖമായിരുന്നു ചന്ദ്രചൂഡൻ സർ. അദ്ദേഹത്തിൻ്റെ വിയോഗം യു.ഡി.എഫിനും നികത്താനാകാത്ത നഷ്ടമാണ്. സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

 

 

 

https://youtu.be/P7uHwMRV80M

Exit mobile version