അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നു നദിയില്‍ വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 140 കടന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. സംഭവത്തില്‍ നിരവധി പേരെ നദിയില്‍ കാണാതായിരുന്നു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയായിരുന്നു അപകടം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുനൂറിലേറെ പേരാണു നദിയിലേക്ക് വീണത്.
അഹമ്മദാബാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് ഈ വിനോദസഞ്ചാര കേന്ദ്രം സ്ഥിതിചെയ്യുന്നത്. മച്ചു നദിക്കു മുകളിലെ, ബ്രിട്ടിഷ് കാലത്തു നിര്‍മിച്ച, 140 വര്‍ഷം പഴക്കമുള്ള പാലം അറ്റകുറ്റപ്പണികള്‍ക്കായി 6 മാസം അടച്ചിട്ടിരുന്നു. 230 മീറ്റര്‍ നീളമുള്ള പാലം നവീകരണത്തിനു ശേഷം 4 ദിവസം മുന്‍പാണു തുറന്നത്. അവധിദിനമായ ഇന്നലെ വന്‍തിരക്കുണ്ടായിരുന്നു. അപകടസമയം നാനൂറോളം പേരാണ് പാലത്തിലുണ്ടായിരുന്നത്. ഇതിനോടകം 170 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. അതേസമയം അപകടത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രത്യേക അഞ്ചംഗ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു.
പാലം തകര്‍ന്ന് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കു 2 ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും അനുവദിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കു 4 ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവുമാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്.
https://youtu.be/4uPn3FAgsfk