ലണ്ടന്‍: മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ സ്വകാര്യ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ലിസ് ട്രസ് വിദേശകാര്യ സെക്രട്ടറിയായിരിക്കെയാണ് ഹാക്കിങ് നടന്നതെന്നാണ് കണ്ടെത്തല്‍. എന്നാല്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സണും കാബിനറ്റ് സെക്രട്ടറി സൈമണ്‍ കേസും ഈ വിവരം മറച്ചുവെച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹാക്കിങിന് പിന്നില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് വേണ്ടി പ്രവര്‍ത്തിച്ച ഏജന്‍സിയാണെന്നാണ് സംശയം.
ട്രസ്സിന്റെ അടുത്ത സുഹൃത്തായ ക്വാസി ക്വാര്‍ട്ടെങ്ങുമായി നടത്തി സ്വകാര്യ സന്ദേശങ്ങള്‍ ഫോണിലുണ്ട്. അന്താരാഷ്ട്ര സഖ്യകക്ഷികളുമായുള്ള ചര്‍ച്ചകളുടെ രഹസ്യ വിശദാംശങ്ങളും യുക്രെയ്ന്‍-റഷ്യ യുദ്ധത്തെ കുറിച്ച് അന്താരാഷ്ട്ര വിദേശകാര്യ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചകളും ഫോണില്‍ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ അടിയന്തര അന്വേഷണം ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
ബ്രിട്ടണിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസ് അധികാരമേറ്റ് 45-ാം ദിവസം രാജിവെച്ചിരുന്നു. ലിസ് ട്രസ് ബ്രിട്ടണില്‍ നടപ്പാക്കിയ സാമ്പത്തിക നയങ്ങള്‍ക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയായിരുന്നു രാജി.
https://youtu.be/4uPn3FAgsfk