കൊല്ലം: സംസ്ഥാനത്തെ 258 സ്‌കൂളുകളില്‍ ജ്യോഗ്രഫി അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നടത്തുന്ന കേരള സ്‌കൂള്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനായുള്ള ആദ്യഘട്ട പരിശീലനം പൂര്‍ത്തിയായി. കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയിലെ അന്തരീക്ഷ പഠന കേന്ദ്രമായ അന്തരീക്ഷ റഡാര്‍ റിസര്‍ച്ച് സെന്ററില്‍ നടന്ന പരിശീലനത്തില്‍ 40 ഓളം അധ്യാപകര്‍ പങ്കെടുത്തു. മറ്റ് അധ്യാപകര്‍ക്കുള്ള പരിശീലനം ഇവരുടെ നേതൃത്വത്തിലായിരിക്കും. ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ദേശീയ അവാര്‍ഡ് നേടിയ ഡോ. മോഹന്‍ കുമാര്‍, അക്കാര്‍ ഡയറക്ടര്‍ ഡോ. അഭിലാഷ് എന്നിവരാണ് ക്ലാസുകള്‍ നയിച്ചത്. കാലാവസ്ഥാനിരീക്ഷണത്തിനും പ്രാദേശികതലത്തിലെ ദുരന്തമുന്നറിയിപ്പുകള്‍ക്കും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും സഹായമാകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി പൊതുവിദ്യാലയങ്ങളെ സമൂഹവുമായി ബന്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.