തൃശൂര്‍: വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസിനു പിന്നില്‍ ടൂറിസ്റ്റ് ബസിടിച്ചുണ്ടായ അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഭാഗത്തും ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തല്‍. അമിത വേഗത്തിലായിരുന്ന കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് വേഗത കുറയ്ക്കുകയും നടുറോഡില്‍ നിര്‍ത്തുകയും ചെയ്തത് അപകടത്തിന്റെ തീവ്രത കൂട്ടിയെന്നാണ് നാറ്റ്പാക് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അപകടത്തിന്റെ പ്രാഥമിക ഉത്തരവാദി ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ തന്നെയാണ്. കെഎസ്ആര്‍ടിസി ബസിനും ടൂറിസ്റ്റ് ബസിനും ഇടയിലുണ്ടായിരുന്ന കാറിന്റെ ഭാഗത്തും വീഴ്ചയുണ്ടായി. അമിത വേഗത്തില്‍ പോകേണ്ട ട്രാക്കിലൂടെ കാര്‍ സഞ്ചരിച്ചത് 50 കി.മീറ്റര്‍ വേഗതയിലാണ്. ദേശീയപാതയില്‍ വഴിവിളക്കുകളും റിഫ്ളെക്ടറുകളും ഇല്ലാത്തതും അപകടത്തിന് വഴിവച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ പിഴവും അപകടത്തിനു കാരണമായതായി മുന്‍പേ തന്നെ ആക്ഷേപമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് നാറ്റ്പാക് റിപ്പോര്‍ട്ടിലും അദ്ദേഹത്തിനെതിരായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. അപകടത്തിനു തൊട്ടുമുന്‍പ് 97.7 കിലോമീറ്റര്‍ വേഗതയിലായിരുന്നു ടൂറിസ്റ്റ് ബസ് ഓടിയിരുന്നത് എന്ന് ജിപിഎസ് അടിസ്ഥാനമാക്കി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അതിനേക്കാള്‍ വേഗതയിലാകും ടൂറിസ്റ്റ് ബസിനു മുന്നിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസ് സഞ്ചരിച്ചിരുന്നത് എന്നാണ് കണ്ടെത്തല്‍. അപകട സ്ഥലത്തിനു മുന്‍പുള്ള ടോളിലും കെഎസ്ആര്‍ടിസി ബസായിരുന്നു മുന്നില്‍.
https://youtu.be/4uPn3FAgsfk
Discussion about this post