എറണാകുളം: കോതമംഗലത്ത് സ്കൂളിലെ സെക്യൂരിറ്റി ഓഫീസിൽ നിന്നും കഞ്ചാവ് ശേഖരം കണ്ടെടുത്തു. സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരരാണ് വിൽപ്പന നടത്തിയിരുന്നത്. കഞ്ചാവ് വാങ്ങാനെത്തിയ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എക്‌സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്.
ഇന്നലെ രാത്രിയോടെ ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി സ്കൂൾ കോമ്പൗണ്ടിൽ എത്തിയപ്പോൾ നിരവധി പേർ കഞ്ചാവ് ഉപയോഗിക്കുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്തപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരന്‍റെ മുറി കേന്ദ്രീകരിച്ചാണ് ഇടപാടെന്ന് വ്യക്തമായത്. പരിശോധനയിൽ ഓഫീസിൽ നിന്നും കഞ്ചാവ് പൊതികൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
എക്‌സൈസ് ഓഫീസില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്‌കൂളില്‍ ജോലി ചെയ്യുന്ന പാലാ സ്വദേശിയായ സാജു ബിജു എന്നയാളും നെല്ലിക്കുഴി സ്വദേശിയായ യാസിമും ചേര്‍ന്നാണ് വില്‍പ്പന നടത്തിയിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം സ്കൂളിലെ കഞ്ചാവ് ഇടപാടിനെ കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് സ്കൂൾ അധികൃതർ വിശദീകരിക്കുന്നത്. സിസിടിവി തകരാറിൽ ആയിതിനാൽ സെക്യൂരിറ്റി ഓഫീസിൽ എന്താണ് നടന്നിരുന്നതെന്ന് അറിയാനായില്ലെന്നും അധികൃതർ പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.