തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ ആക്രമിച്ചു, രോഗി പിടിയിൽ

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ രോഗിയുടെ മർദ്ദനത്തിൽ വനിതാ ഡോക്ടറുടെ കൈ ഒടിഞ്ഞു. സർജറി വിഭാഗത്തിലെ ഡോക്ടർ സി എം ശോഭയ്ക്കാണ് രോഗിയുടെ മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റത്. എക്സ് റേ പരിശോധനയിലാണ് ഡോക്ടറുടെ കൈയ്ക്ക് ഒടിവ് സംഭവിച്ചെന്ന് വ്യക്തമായത്. ഒപിയിൽ അക്രമാസക്തനായ യുവാവിനെ സെക്യൂരിറ്റി ജീവനക്കാരും മറ്റുള്ളവരും രോഗികളും ചേർന്നു കീഴ്പ്പെടുത്തി പൊലീസിന് കൈമാറി.

സർജറി ഒ പി യിൽ വൃക്കയിലെ കല്ലിന് ചികിൽസ തേടിയെത്തിയതായിരുന്നു വസീർ. രോഗവിവരങ്ങൾ ചോദിച്ചറിയുന്നതിനിടെയാണ് വസീർ പ്രകോപിതനായതും ഡോക്ടറെ മർദിക്കുകയും ചെയ്തത്. അഡ്മിറ്റാകാൻ ഡോക്ടർ നിർദ്ദേശിച്ചതോടെയാണ് രോഗി അക്രമാസക്തനായത്. ഡോക്ടറുടെ കൈവശമുണ്ടായിരുന്ന പരിശോധന ഫലങ്ങൾ തട്ടിപ്പറിക്കുകയും ആക്രമിക്കുകയും ചെയ്ത ശേഷം വസീർ അവിടെനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

തലയ്ക്കു നേരെ വന്ന അടി തടുത്തപ്പോഴാണ് കൈയ്ക്ക് പരിക്കേറ്റത്. ഡോക്ടർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമിക്കെതിരെ കർശന നടപടി വേണമെന്ന് ശോഭ ആവശ്യപ്പെട്ടു. ആത്മാർത്ഥമായി പ്രവർത്തിക്കുമ്പോൾ ആളുകൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് സമാധാനപരമായ അന്തരീക്ഷത്തെ തകർക്കുമെന്ന് അവർ പറഞ്ഞു.

 

 

Exit mobile version