റോഷന് കൈത്താങ്ങായി മേയര്‍ ആര്യ രാജേന്ദ്രന്‍; പുതിയ ശ്രവണ സഹായി കൈമാറി നഗരസഭ

കിംസ് ഹോസ്പിറ്റലിന്റെ സഹായത്തോടെയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പുതിയ ശ്രവണ സഹായി നല്‍കിയത്

തിരുവനന്തപുരം: ശ്രവണ സഹായി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന റോഷന് കൈത്താങ്ങായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ശ്രവണ സഹായി നഷ്ടമായതോടെ ബുദ്ധിമുട്ടിലായ വിദ്യാര്‍ത്ഥിക്ക് മേയര്‍ പുതിയ ശ്രവണ സഹായി കൈമാറി. തിരുവനന്തപുരം രാജാജി നഗര്‍ കോളനിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് റോഷന്‍. റോഷനെ സഹായിക്കാനായി നിരവധി പേര്‍ കോര്‍പ്പറേഷനെ സമീപിച്ചിരുന്നുവെന്ന് ആര്യ രാജേന്ദ്രന്‍ പറഞ്ഞു. നമുക്ക് നന്മ നഷ്ടപെട്ടിട്ടില്ലെന്ന് തോന്നിയ നിമിഷമായിരുന്നു അത്. എല്ലാവര്‍ക്കും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നുവെന്നും ആര്യ രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കിംസ് ഹോസ്പിറ്റലിന്റെ സഹായത്തോടെയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ റോഷന് പുതിയ ശ്രവണ സഹായി വാങ്ങി നല്‍കിയത്. ജഗതി സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് റോഷന്‍. അച്ഛനൊപ്പം കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് ബൈക്കില്‍ മടങ്ങുമ്പോഴാണ് ഒന്നരലക്ഷം രൂപ വില വരുന്ന ശ്രവണ സഹായി വെച്ചിരുന്ന ബാഗ് അടക്കം റോഷന് നഷ്ടപ്പെട്ടത്.

ശ്രവണ സഹായി നഷ്ടമായതോടെ സ്‌കൂളില്‍ പോലും പോകാന്‍ കഴിയാതെ വീട്ടിലിരിക്കുകയായിരുന്നു റോഷന്‍. നാലുമാസം മുമ്പ് പുനര്‍ജ്ജനി പദ്ധതി വഴിയാണ് റോഷന് ശ്രവണ സഹായി കിട്ടിയത്.

 

 

https://youtu.be/4uPn3FAgsfk

Exit mobile version