ശ്രീനഗര്‍: കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ പോലീസുകാരനുള്‍പ്പെടെ നാലു പേര്‍ മരിച്ചു. അപകടത്തില്‍ 6 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കിഷ്ത്വാറിലെ നിര്‍മാണം നടക്കുന്ന റാറ്റില്‍ ജലവൈദ്യുത പദ്ധതിയുടെ പ്ലോട്ടിനരികെ ശനിയാഴ്ചയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
പദ്ധതി പ്രദേശത്തിനരികെയുള്ള ലിങ്ക് റോഡിന്റെ നിര്‍മാണത്തിലായിരുന്നു തൊഴിലാളികള്‍. പെട്ടെന്ന് വലിയ പാറകള്‍ ഉരുണ്ടുവീഴുകയും തൊഴിലാളികള്‍ അതിനടിയില്‍ പെട്ടുപോവുകയുമായിരുന്നുവെന്ന് കിഷ്ത്വാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ദേവ്നാശ് യാദവ് പിടിഐ യോട് പറഞ്ഞു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍ അസിസ്റ്റന്റ് എസ്.ഐ.യും ജെസിബി ഓപ്പറേറ്ററുമടക്കം നാല് പേര്‍ മരണപ്പെട്ടു. മനോജ് കുമാര്‍ എന്ന ജെസിബി ഓപ്പറേറ്ററാണ് മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പരിക്കേറ്റവരില്‍ മൂന്ന് പേര്‍ ദോദയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റു രണ്ടു പേരെ താത്രി ആശുപത്രിയിലേക്കും ഒരാളെ ജമ്മുവിലേക്കും ചികിത്സയ്ക്കായി കൊണ്ടുപോയി. പരിക്കേറ്റവരെ രക്ഷിക്കാനായി നാട്ടുകാര്‍ ഓടിക്കൂടിയ സമയത്ത് മറ്റൊരു മണ്ണിടിച്ചിലുണ്ടായതും അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചുവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.
https://youtu.be/4uPn3FAgsfk