ജമേഷ മുബിന്റേത് പാളിപ്പോയ ചാവേര്‍ ആക്രമണം; ഉദ്ദേശിച്ചത് ലോണ്‍ വൂള്‍ഫ് അറ്റാക്ക്

ജനക്കൂട്ടത്തിനിടയിലേക്ക് ആയുധങ്ങളുമായി ഒറ്റയ്‌ക്കെത്തി ആക്രമണ പരമ്പര നടത്തുന്നതാണു ലോണ്‍ വൂള്‍ഫ് മോഡല്‍

ന്യൂഡല്‍ഹി: കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിന്റെ ഉദ്ദേശം ലോണ്‍ വൂള്‍ഫ് അറ്റാക്ക് നടത്താനായിരുന്നുവെന്ന് എന്‍ഐഎ. ജനക്കൂട്ടത്തിനിടയിലേക്ക് ആയുധങ്ങളുമായി ഒറ്റയ്‌ക്കെത്തി ആക്രമണ പരമ്പര നടത്തുന്നതാണു ലോണ്‍ വൂള്‍ഫ് മോഡല്‍. എന്നാല്‍, പാളിപ്പോയ ചാവേര്‍ ആക്രമണമായിരുന്നു ജമേഷ മുബിന്റേതെന്ന് എന്‍ഐഎ വ്യക്തമാക്കി.

ദീപാവലിയുടെ തലേന്ന് ജനത്തിരക്ക് കൂടിയ സ്ഥലങ്ങളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ചുകയറ്റി ആക്രമണം നടത്താനായിരുന്നു ഇയാളുടെ പദ്ധതി. ഇതിനായി കോട്ടേമേഡ് സംഗമേശ്വര ക്ഷേത്രം, മുണ്ടിവിനായക ക്ഷേത്രം, കോനിയമ്മന്‍ കോവില്‍ എന്നിവിടങ്ങളില്‍ ഇയാളും കൂട്ടാളികളും നിരീക്ഷണം നടത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎയ്ക്കു ലഭിച്ചിട്ടുണ്ട്.

എന്നാല്‍ പരിചയക്കുറവ് മൂലം ലക്ഷ്യമിട്ടതിനു മുന്‍പേ കാറില്‍ സ്‌ഫോടനമുണ്ടായതാണു വന്‍ അപകടം ഒഴിവാക്കിയത്. ആസൂത്രണത്തിലും സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കുന്നതിലും നിരവധി പേര്‍ പങ്കാളികളായിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തി. ജമേഷ മുബിന്‍, അസ്ഹറുദ്ദീന്‍, ഫിറോസ് ഖാന്‍ എന്നിവരാണു ഗാന്ധിപാര്‍ക്കിലെ ബുക്കിങ് കേന്ദ്രത്തില്‍ നിന്ന് പാചകവാതക സിലിണ്ടറുകള്‍ വാങ്ങിയത്.

കാറില്‍ നിന്നു കണ്ടെടുത്ത ആണികളും ഗോലികളും സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കാനുള്ള മൂന്ന് മെറ്റല്‍ ക്യാനുകളും ഉക്കടത്തെ ലോറിപേട്ടയ്ക്ക് സമീപമുള്ള മാര്‍ക്കറ്റില്‍ നിന്നാണ് വാങ്ങിയത്. പാചകവാതകത്തിനൊപ്പം ആണിയും വെടിമരുന്നും മറ്റും ഉപയോഗിക്കുന്നതിലൂടെ സ്‌ഫോടനത്തിന്റെ ആഘാതം വര്‍ധിപ്പിക്കാനാവുമെന്നതിനാലാണ് ഇവ ഉപയോഗിച്ചതെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കി.

 

https://youtu.be/4uPn3FAgsfk

Exit mobile version