തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ സഭ ടിവി പുനഃസംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. സ്വകാര്യ കമ്പനിയെ പൂര്‍ണ്ണമായും ഒഴിവാക്കി ഒടിടി ഉള്‍പ്പെടെയുള്ള സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ നിയമസഭയിലെ ഐടി വകുപ്പ് ഏറ്റെടുക്കും. സോഷ്യല്‍ മീഡിയ കണ്‍സല്‍ട്ടന്റ് ഉള്‍പ്പെടെ ആറ് തസ്തികകളിലേക്ക് നിയമനത്തിന് സഭ ടിവി അപേക്ഷ ക്ഷണിച്ചു. പ്രാഗ്രാമുകളുടെ ഗുണനിലവാരം മുതല്‍ ഡോക്യുമെന്ററി, വെബ് വീഡിയോ നിര്‍മ്മാണം എന്നിവയ്‌ക്കെല്ലാം ചെലവഴിച്ച തുക വരെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോമും സോഷ്യല്‍ മീഡിയ മാനേജ്‌മെന്റും ബിട്രെയിറ്റ് എന്ന കമ്പനിക്ക് നല്‍കി. കമ്പനിയുടെ കാര്യക്ഷമതയെക്കുറിച്ചുള്ള ഗുരുതരമായ പരാതികളെ തുടര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്താന്‍ ഐടി വകുപ്പ് പ്രത്യേക സമിതിയെ നിയോഗിച്ചു.
പ്രകടനം വിലയിരുത്താന്‍ തയ്യാറാക്കിയ 20 ഇന മാനദണ്ഡങ്ങളില്‍ ഒന്നും പാലിക്കാന്‍ സ്ഥാപനത്തിന് കഴിഞ്ഞില്ല എന്ന് മാത്രമല്ല, എഡിറ്റോറിയല്‍ ടീമുമായി ഗുരുതരമായ വിയോജിപ്പും ഉണ്ടായിരുന്നു. അതേസമയം, മോണ്‍സണ്‍ കേസില്‍ ഉള്‍പ്പെട്ട വിവാദ വനിത അനിത പുല്ലയിലിനെ ലോക കേരള സഭയുടെ സമയത്ത് സഭാ സമുച്ചയത്തില്‍ എത്തിച്ചത് ബ്രിട്രെയിറ്റിന്റെ ഇടപെടല്‍ വലിയ ചര്‍ച്ചാവിഷയമായി. വലിയ വിവാദങ്ങള്‍ക്കിടയിലും പുതുക്കിയ കരാര്‍ ഇപ്പോള്‍ അവസാനിപ്പിക്കുകയാണ്. കരാര്‍ പ്രകാരം ബിട്രെയിറ്റ് തയ്യാറാക്കിയ സോഫ്റ്റ് വെയര്‍ സഭ ടിവിക്ക് കൈമാറും.
Discussion about this post