പ്രണയം പകയായി മാറുമ്പോള്‍ ഇന്ന് പൊലിയുന്നത് ജീവനുകളാണ്. സാമൂഹികമാധ്യമങ്ങളിലൂടെയും അല്ലാതെയും പരിചയപ്പെടുന്ന യുവതലമുറ ഇന്ന് പ്രതികാരത്തോടെ അകലുന്നത് വിരളസംഭവമല്ല. സംസ്ഥാനത്ത് പ്രണയപ്പകയുടെ പേരില്‍ നിരവധി കൊലപാതകങ്ങളാണ് ഇതിനോടകം നടന്നിരിക്കുന്നത്.
ഏറ്റവും ഒടുവിലായി കണ്ണൂര്‍ വള്ള്യായിയില്‍ വിഷ്ണുപ്രിയയാണ് പ്രണയപ്പകയ്ക്ക് ഇരയായത്. ഇതിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് കോട്ടയത്ത് പ്രണയപ്പകയുടെ പേരില്‍ വീണ്ടും ആക്രമണം നടക്കുന്നത്. ചങ്ങനാശേരി കറുകച്ചാല്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ വച്ച് കാമുകനായിരുന്ന യുവാവ് പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പാമ്പാടി കുറ്റിക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടി ഇപ്പോഴും ആശുപത്രിയിലാണ്. സംഭവത്തില്‍ പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
https://youtu.be/4uPn3FAgsfk
കണ്ണൂര്‍ ജില്ലയെ ഞെട്ടിച്ച മാനസയുടെ കൊലപാതകശേഷം ഒരുവര്‍ഷവും രണ്ടുമാസവും പിന്നിടുമ്പോഴാണ് വിഷ്ണുപ്രിയയും കൊല്ലപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ജൂലായ് 30-നാണ് കോതമംഗലത്ത് ബി.ഡി.എസ്. വിദ്യാര്‍ഥിനിയായ മാനസയെ രഖില്‍ എന്ന യുവാവ് വെടിവെച്ച് കൊന്നത്. കൊലപാതകത്തിന് ശേഷം രാഖിലും സ്വയം വെടിയുതിര്‍ത്ത് മരിച്ചു. പ്രണയാഭ്യര്‍ഥന നിരസിച്ചതിലെ വൈരാഗ്യമായിരുന്നു ഈ അരുംകൊലയില്‍ കലാശിച്ചത്.
ഈ സംഭവത്തിന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പും തലശ്ശേരിയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ കൊലപാതകം നടന്നിരുന്നു. തലശ്ശേരി ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ഥിനിയായിരുന്ന ഷഫ്‌നയാണ് അന്ന് കൊലക്കത്തിക്ക് ഇരയായത്. മോറക്കുന്ന് സ്വദേശിയായിരുന്നു സംഭവത്തിലെ പ്രതി.
കണ്ണൂരിലേത് പോലെ മറ്റു ജില്ലകളിലും സമാനസംഭവങ്ങളുണ്ടായിട്ടുണ്ട്. 2021ല്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം പ്രണയപ്പകയുടെ പേരില്‍ 12 കൊലപാതകങ്ങളാണ് നാലു വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്നത്. 2021 ല്‍ മാനസയുടെ കൊലപാതകത്തിന് തൊട്ടു പിന്നാലെയാണ് പാലായില്‍ നിധിനമോളുടെ കഴുത്തില്‍ അഭിഷേകിന്റെ കൊലക്കത്തി വീണത്. ജൂലൈ 17നാണു മലപ്പുറം പെരിന്തല്‍മണ്ണയില്‍ ദൃശ്യ എന്ന പെണ്‍കുട്ടിയെ വിനേഷ് വിനോദ് എന്ന 21 കാരന്‍ കൂത്തിക്കൊന്നത്. വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു കൊലപാതകം. 2019ലാണ് കവിത എന്ന പെണ്‍കുട്ടി തിരുവല്ലയില്‍ നടുറോഡില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. വയറ്റില്‍ കത്തികൊണ്ട് കുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അജിന്‍ റെജി മാത്യു എന്നയാള്‍ അറസ്റ്റിലായി.
വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ 2019ല്‍ ആലപ്പുഴയില്‍ പൊലീസ് ഉദ്യോഗസ്ഥയായ സൗമ്യയെ സഹപ്രവര്‍ത്തകനായ അജാസ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അജാസും പിന്നീട് മരിച്ചിരുന്നു. വടിവാളുകൊണ്ടു വെട്ടിയതിന് ശേഷമാണ് അജാസ് സൗമ്യയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. മാവേലിക്കര വള്ളികുന്നം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്നു ഇരുവരും.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രണയപ്പകയില്‍ ഒടുങ്ങിയ ഒരു ജീവനുണ്ടായിരുന്നു. 2011 ല്‍ ആയിരുന്നു ആ സംഭവം. പലരും ഇന്നത് മറന്നു പോയിട്ടുണ്ടാവാം. കോഴിക്കോട് എന്‍.ഐ.ടിയില്‍ ഗവേഷണ വിദ്യാര്‍ഥിനിയായിരുന്ന ഇന്ദുവിന്റെ കൊലപാതകം. തിരുവനന്തപുരം കുമാരപുരം സ്വദേശിയായിരുന്നു 25 വയസ്സുകാരിയായ ഇന്ദു. ഇന്ദുവിന്റെ സുഹൃത്തും എന്‍.ഐ.ടി അസി. പ്രഫസറുമായ സുഭാഷായിരുന്നു കേസിലെ പ്രതി. 2011 ഏപ്രില്‍ 23ന് തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസില്‍ യാത്രക്കാരിയായിരുന്ന ഇന്ദുവിനെ കാണാതായിരുന്നു. പിന്നീട് പെരിയാറില്‍ നിന്ന് മൃതദേഹം കണ്ടെത്തി. ട്രെയിനില്‍ നിന്ന് ആലുവ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ആദ്യ കണ്ടെത്തല്‍. പിന്നീടാണ് ഇന്ദുവിനെ സുഭാഷ് പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് യാത്രക്കാരിലൊരാള്‍ മൊഴി നല്‍കിയത്.
പ്രണയിക്കുന്ന പങ്കാളി തന്റേതുമാത്രം ആയിരിക്കണമെന്ന അതിവൈകാരികതയാണ് പലപ്പോഴും ദുരന്തത്തിലേക്ക് നയിക്കുന്നത്. ബന്ധങ്ങളില്‍ ഉണ്ടാകാനിടയുള്ള അകല്‍ച്ചയെ തിരിച്ചറിഞ്ഞു മനസിനെ പാകപ്പെടുത്താന്‍ ഇന്നത്തെ യുവതലമുറയ്ക്ക് കഴിയുന്നില്ല. ഇതൊക്കെ മനസിലാക്കാന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കൗണ്‍സിലിങ് വേണമെന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അധികൃതര്‍ വേണ്ട വിധത്തില്‍ ഈ വിഷയം കൈകാര്യം ചെയ്തില്ലെങ്കില്‍ ഇന്ദുവിനെയും വിഷ്ണുപ്രിയയെയും പോലുള്ളവര്‍ ഇനിയും ആവര്‍ത്തിക്കപ്പെട്ടേക്കാം.