ഷാരോണിന്റെ മരണം; ആശങ്കയുണര്‍ത്തി രക്തപരിശോധനാഫലം, അന്വേഷണം ശക്തം

ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഷാരോണിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്ന് സൂചന

തിരുവനന്തപുരം: പാറശാലയില്‍ മരിച്ച ഷാരോണ്‍ എന്ന യുവാവിന്റെ രക്തപരിശോധനാഫലം പുറത്ത്. ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയില്‍ രക്തത്തിലെ ബിലിറൂബിന്റെ അളവ് ഡെസിലീറ്ററില്‍ ഒരുമില്ലി ഗ്രാം എന്ന നിലയിലായിരുന്നു. ആ സമയത്ത് ഷാരോണിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നില്ല എന്നതിന്റെ സൂചനയാണിതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മൊത്തം ബിലിറൂബിന്‍ ടെസ്റ്റില്‍ ഡെസിലീറ്ററില്‍ 1.2 മില്ലിഗ്രാം വരെ നോര്‍മല്‍ അളവായാണ് കണക്കാക്കുന്നത്.

എന്നാല്‍ മൂന്നുദിവസങ്ങള്‍ക്ക് ശേഷം നടത്തിയ പരിശോധനയില്‍ ബിലിറൂബിന്‍ കൗണ്ട് ഡെസിലീറ്ററില്‍ അഞ്ച് മില്ലിഗ്രാം എന്ന നിലയിലേക്ക് ഉയര്‍ന്നതായി കാണുന്നു. ഇതിന്റെ കാരണമാണ് ഇപ്പോള്‍ അധികൃതര്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്.

മുര്യങ്കര ജെ.പി ഹൗസില്‍ ജയരാജിന്റെ മകന്‍ ജെ.പി.ഷാരോണ്‍ രാജാണ് ചൊവ്വാഴ്ച വൈകിട്ട് മരിച്ചത്. 14ന് രാവിലെ ഷാരോണ്‍രാജും സുഹൃത്ത് റെജിനും രാമവര്‍മന്‍ചിറയിലുള്ള സുഹൃത്തായ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നു. ഇവിടെ വെച്ച് പെണ്‍കുട്ടി ഷാരോണിന് പാനീയം നല്‍കി. അല്‍പസമയം കഴിഞ്ഞ് ഷാരോണ്‍ ഛര്‍ദിച്ചിക്കുകയും ആരോഗ്യനില ദിനം പ്രതി വഷളാവുകയുമായിരുന്നു. 17ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിശോധനകളില്‍ വൃക്കകളുടെ പ്രവര്‍ത്തനശേഷി കുറഞ്ഞതായി കണ്ടെത്തി. 9 ദിവസത്തിനുള്ളില്‍ അഞ്ച് ഡയാലിസിസ് നടത്തിയെങ്കിലും വെന്റിലേറ്ററിലേക്കു മാറ്റേണ്ടി വന്നു. ഒടുവില്‍ മരണം സംഭവിച്ചു.

 

https://youtu.be/4uPn3FAgsfk

Exit mobile version