തിരുവനന്തപുരം: തന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആളാണ് മ്യൂസിയത്ത് യുവതിയെ ആക്രമിച്ച കേസിലെ പ്രതിയെന്ന സംശയത്തില്‍ കുറവന്‍കോണത്തെ വീട്ടമ്മ. രേഖാ ചിത്രത്തിനോട് സാമ്യമുള്ള ആളാണ് തന്റെ വീട്ടില്‍ കയറിയതെന്ന് വീട്ടമ്മ പറഞ്ഞു. കുറവന്‍കോണത്തെ അശ്വതിയുടെ വീട്ടിലാണ് സംഭവം നടന്നത്.
മ്യൂസിയം അതിക്രമ കേസിലെ പ്രതിയുടെ രേഖാചിത്രം കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ടതിന് പിന്നാലെയാണ് വീട്ടമ്മയുടെ വെളിപ്പെടുത്തല്‍. കുറവന്‍കോണവും മ്യൂസിയവും തമ്മില്‍ ഏകദേശം മൂന്ന് കിലോമീറ്റര്‍ വ്യത്യാസം മാത്രമാണുള്ളത്. ചൊവ്വാഴ്ച 9.45ഓടെ വീട്ടില്‍ കയറിപ്പറ്റിയ അക്രമി ടെറസില്‍ കുറച്ചുനേരം കറങ്ങിനടന്ന ശേഷം മതിലുചാടി പുറത്തേക്ക് പോയി. അല്‍പനേരം കഴിഞ്ഞ് കയ്യില്‍ ചുറ്റികയുമായി വീണ്ടും മതിലുചാടി എത്തിയ ശേഷമാണ് ജനല്‍ചില്ലുകള്‍ തകര്‍ത്തത്. മോഷണശ്രമമല്ലെന്ന് സംശയിക്കുന്നതായും വീട്ടമ്മ വ്യക്തമാക്കി. വിവരം മ്യൂസിയം പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ബുധനാഴ്ച പുലര്‍ച്ചെയാണ് മ്യൂസിയത്തില്‍ പ്രഭാതസവാരിക്ക് ഇറങ്ങിയ യുവതിക്ക് നേരെ അതിക്രമമുണ്ടായത്. പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടതിന് പിന്നാലെ അക്രമി ഉടന്‍ പിടിയിലാകുമെന്ന് പൊലിസ് പറഞ്ഞു.
https://youtu.be/4uPn3FAgsfk