കൊച്ചി: ഐഎസ്എല്ലിൽ ഹാട്രിക് തോൽവിയേറ്റു വാങ്ങിയതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഐ.എം വിജയൻ. എല്ലാവരും ‘അപ്‍നാ, അപ്‍നാ’ ശൈലിയിലാണ് കളിക്കുന്നത്. പകരക്കാരായി ഇറങ്ങാന്‍ മികച്ച കളിക്കാര്‍ ബ്ലാസ്റ്റേഴ്സിന് ഇല്ലെന്നും ഐ എം വിജയന്‍ പറഞ്ഞു. ഇന്നലെ മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സരത്തോടെ, ഈ സീസണിൽ 4 മത്സരങ്ങളിൽ നിന്ന് മൂന്ന് തോൽവികളാണ് മഞ്ഞപ്പടയ്ക്ക് നേരിടേണ്ടി വന്നത്.
കൊച്ചിയിലേക്കുള്ള തിരിച്ചുവരവില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്‍റെ തോല്‍വി. മെഹത്താബ് സിംഗും ഹോർഗെ പെരേര ഡിയാസും മുംബൈക്കായി ലക്ഷ്യം കണ്ടു. 21-ാം മിനുറ്റില്‍ മെഹത്താബ് സിംഗിലൂടെ മുന്നിലെത്തിയ മുംബൈ 31-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സ് മുന്‍താരം കൂടിയായ ഹോർഗെ പെരേര ഡിയാസിലൂടെ ലീഡുയര്‍ത്തി. രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്സ് കനത്ത ആക്രമണം നടത്തിയെങ്കിലും ഗോള്‍ മാറിനിന്നു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെയും ഫിനിഷിംഗിലേയും പിഴവുകള്‍ പിഴവുകൾ ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് കൊച്ചിയിലെ മത്സരം.