യുവാവിൻ്റെ പിഎസ്‍സി പരീക്ഷ മുടങ്ങിയ സംഭവം; പൊലീസിൻ്റെ വീഴ്ച ശരിവച്ച് ഡിസിപി

വകുപ്പുതല അന്വേഷണം പൂർത്തിയായാൽ ഉടൻ കർശന നടപടി

കോഴിക്കോട്: കോഴിക്കോട് പൊലീസ് തടഞ്ഞുവെച്ചതിനെ തുടർന്ന് പി.എസ്.സി പരീക്ഷ എഴുതാൻ അവസരം നഷ്ടപ്പെട്ട സംഭവത്തിൽ വീഴ്ച പറ്റിയെന്ന് സ്ഥിരീകരിച്ച് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ്. വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം നടക്കുകയാണ്. അന്വേഷണം പൂർത്തിയായാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡിസിപി പറഞ്ഞു.

പി.എസ്.സി പരീക്ഷ എഴുതാൻ പോകുകയായിരുന്ന രാമനാട്ടുകര സ്വദേശി അരുണിനെയാണ് 22ന് ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ തടഞ്ഞത്. പരീക്ഷ എഴുതാൻ പോകുന്നുവെന്ന് അറിയിച്ചിട്ടും സിപിഒ വഴങ്ങിയില്ല. ബൈക്കിന്‍റെ താക്കോൽ ഊരിമാറ്റിയ ശേഷം ഫറോക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

സ്റ്റേഷനിലെത്തിയപ്പോൾ കാര്യത്തിന്‍റെ ഗൗരവം മനസ്സിലാക്കിയ ഗ്രേഡ് എസ്.ഐ അരുണിനെ പൊലീസ് വാഹനത്തിൽ പരീക്ഷാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. എന്നാൽ അപ്പോഴേക്കും പരീക്ഷാ സമയം കഴിഞ്ഞതോടെ അരുണിന്‍റെ അവസരം നഷ്ടമായിരുന്നു.

Exit mobile version