ബെംഗലൂരു: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പൂര്‍ണമായും നിരോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാര്‍ ജോലി സമയത്ത് സ്വകാര്യ പ്രാക്ടീസില്‍ ഏര്‍പ്പെട്ടതായി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിന് തടയിടാന്‍ സംസ്ഥാനം ആലോചിക്കുന്നതായും കര്‍ണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ കെ സുധാകര്‍ പറഞ്ഞു.
ബയോമെട്രിക് സംവിധാനം നിലവില്‍ വരുമ്പോള്‍ ജിപിഎസ് സേവനങ്ങള്‍ ഉപയോഗിച്ച് ഡോക്ടര്‍മാരെ നിരീക്ഷിക്കാനും പദ്ധതിയിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ മൈസൂരു ഡിവിഷണല്‍ തലത്തില്‍ സംഘടിപ്പിച്ച അവലോകന യോഗത്തിന് ശേഷം മൈസൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധാകര്‍. 2009 ഒക്ടോബര്‍ 1 മുതല്‍ കേരളത്തിലെ മെഡിക്കല്‍ കോളേജുകളോട് അനുബന്ധിച്ചുള്ള എല്ലാ ഡോക്ടര്‍മാരുടെയും സ്വകാര്യ പ്രാക്ടീസ് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഇപ്പോഴും പല ഡോക്ടര്‍മാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ കാര്യമായ പരിശോധനകള്‍ നടക്കുന്നില്ല.