താന്‍ മയോസിറ്റിസ് രോഗ ബാധിതയാണെന്ന് അറിയിച്ച് നടി സാമന്ത. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് രോഗം സ്ഥിരീകരിച്ചതെന്നും ഭേദമായ ശേഷം എല്ലാവരോടും പറയാമെന്നാണ് കരുതിയതെന്നും സാമന്ത പറയുന്നു. യശോദ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ഏറ്റെടുത്തതിന് നന്ദി പറഞ്ഞ് കൊണ്ടായിരുന്നു രോഗ വിവരം സമാന്ത പങ്കുവച്ചത്. ‘യശോദയുടെ ട്രെയിലറിന് നിങ്ങള്‍ നല്‍കിയ പിന്തുണ എന്നെ അമ്പരപ്പിക്കുന്നു. നിങ്ങള്‍ നല്‍കിയ സനേഹത്തിന് നന്ദി അറിയിക്കുകയാണ്. ഈ ശക്തിയാണ് ജീവിതത്തില്‍ വരുന്ന പ്രതിസന്ധികളെ നേരിടാന്‍ എനിക്ക് സഹായകമാകുന്നത്.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ പരിശോധനയില്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന ‘മയോസിറ്റിസ്’ എന്ന രോഗം എന്നെ ബാധിച്ചു. ഇത് കുറഞ്ഞതിന് ശേഷം ഇക്കാര്യം നിങ്ങളെ അറിയിക്കാമെന്നാണ് കരുതിയത്. എന്നാല്‍ രോഗമുക്തി നേടാന്‍ ഞാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുക്കുന്നു. എനിക്കുണ്ടായ ദുര്‍ബലത അംഗീകരിക്കുക എന്നത് ഇപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. രോഗം പൂര്‍ണമായും ഭേദമാകുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. എനിക്ക് നല്ല ദിവസങ്ങളും ചീത്ത ദിനങ്ങളും ഉണ്ടായിരുന്നു… ശാരീരികമായും വൈകാരികമായും…. എനിക്ക് ഇനി ഒരു ദിവസം കൂടി താങ്ങാന്‍ കഴിയില്ലെന്ന് തോന്നുമ്പോള്‍ പോലും, എങ്ങനെയോ ആ നിമിഷവും കടന്നുപോകുന്നു. ഈ സമയവും കടന്നുപോകും’, എന്നാണ് രോഗ വിവരം പങ്കുവച്ച് സാമന്ത കുറിച്ചത്.